
റെയില്‍വേയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം നഗരസഭ. റെയിൽവേയ്ക്ക് മാലിന്യ സംസ്കരണ സംവിധാനമില്ലെന്നും, ടണലിൽ നിന്ന് ലഭിക്കുന്നത് റെയിൽവേയുടെ മാലിന്യങ്ങളാണെന്നും, റെയില്‍വേ ടണലിലൂടെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ തുറന്നുവിടുന്നുവെന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. അപകടത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ്റെ മുന്നിൽ നഗരസഭയുടെ ഭാഗം കൃത്യമായി വിശദീകരിക്കുമെന്നും, യാഥാർത്ഥ്യം രേഖാമൂലം നഗരസഭയുടെ പക്കൽ ഉണ്ടെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
ജോയിയെ കാണാതായ സംഭവത്തിൽ റെയിൽവേയുടെ ഗുരുതര അലംഭാവമുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 19ന് മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. മഴക്കാലത്ത് തമ്പാനൂർ ഭാഗത്ത് പതിവാകുന്ന വെള്ളക്കെട്ടിൽ നടപടി ആവശ്യപ്പെട്ടാണ് നഗരസഭ റെയിൽവേയ്ക്ക് നോട്ടീസ് അയച്ചത്. അറിയിപ്പ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്ത് നഗരസഭയെ അറിയിക്കണമെന്നും, അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. നിരവധി തവണ റെയിൽവേയ്ക്ക് നോട്ടീസ് അയച്ചിട്ടും നടപടി സ്വീകരിച്ചിരുന്നില്ലെന്നും നഗരസഭ പറയുന്നു.