
രാജ്യ തലസ്ഥാനത്ത് ബിജെപി കാൽ നൂറ്റാണ്ടിനു ശേഷം തിരിച്ചു വരവ് നടത്തുമ്പോൾ ആം ആദ്മിയുടെ ഹാട്രിക് വിജയം എന്ന പ്രതീക്ഷ കൂടിയാണ് അവസാനിക്കുന്നത്. പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള പ്രമുഖ നേതാക്കൾ ബിജെപി തരംഗത്തിൽ കടപുഴകിയപ്പോൾ മുഖ്യമന്ത്രി അതിഷി മർലേന ജനവിധി തനിക്ക് അനുകൂലമാക്കി മാറ്റി. 43 വയസുകാരിയായ അതിഷി ബിജെപിയുടെ മുൻ എംപി രമേശ് ബിധുരിയെയും കോൺഗ്രസിന്റെ അൽകാ ലാംബയേയും പരാജയപ്പെടുത്തിയാണ് കൽക്കാജി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പൂർവ വിദ്യാർഥിനിയും റോഡ്‌സ് സ്കോളറുമായ അതിഷി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും മുൻപ് ഡൽഹിയിലെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിൽ വലിയ പങ്ക് വഹിച്ച നേതാവാണ്. 2015 ജൂലൈ മുതൽ 2018 ഏപ്രിൽ 17 വരെ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്ന മനീഷ് സിസോദിയയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അതിഷി. ഡൽഹിയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായതും, വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമായി സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റികൾ രൂപീകരിക്കാനായതും, സ്വകാര്യ സ്കൂളുകളുടെ അനിയന്ത്രിതമായ ഫീസ് വർധന നിയന്ത്രിക്കാനായതും അതിഷിയുടെ നേതൃമികവിലായിരുന്നു. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി അംഗം കൂടിയായ അതിഷി, 2023 മുതൽ കെജ്‌രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, വനിതാ-ശിശുക്ഷേമം, സംസ്കാരികം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഡൽഹിയിലെ വിദ്യാർഥികളുടെ വൈകാരിക വളർച്ച കൂടി ഉറപ്പാക്കുന്നതിനും, മെച്ചപ്പെട്ട ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, അതിഷി അവതരിപ്പിച്ച 'ഹാപ്പിനസ് കരിക്കുലം' ഏറെ പ്രശംസ നേടിയിരുന്നു.
പാർട്ടി കൺവീനറായ അരവിന്ദ് കെജ്‌രിവാളും രണ്ടാമനായ മനീഷ് സിസോദിയയും അഴികൾക്കുള്ളിലായപ്പോൾ പുറത്ത് പാർട്ടി പരിപാടികളും മാധ്യമങ്ങളുമായുള്ള ആശയവിനിമയങ്ങളും നടത്തിയത് അതിഷിയാണ്. ആ കാലയളവിൽ ആം ആദ്മിയെ ഡൽഹിയിൽ ഉറപ്പിച്ച് നിർത്തിയ നങ്കൂരമായിരുന്നു അവർ. അതുകൊണ്ട് തന്നെ മദ്യനയ അഴിമതി കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ച് അതിഷിയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് വലിയ ഞെട്ടലുകൾ ഉണ്ടാക്കിയില്ല. കെജ്‌രിവാളും സിസോദിയയും നിയമസഭയ്ക്ക് വെളിയിലാകുമ്പോൾ സഭയ്ക്കുള്ളിൽ പാർട്ടിയുടെ ശബ്ദമാകും അതിഷി.
വോട്ടെണ്ണൽ ആരംഭിക്കും മുൻപ് വരെ ഡൽഹി മുഖ്യമന്ത്രിക്ക് ശുഭ പ്രതീക്ഷയായിരുന്നു. ബിജെപി വിജയം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ അതിഷി തള്ളിക്കളഞ്ഞു. ആം ആദ്മി പ്രവർത്തകരെ ധാർമികമായി പരാജയപ്പെടുത്താനുള്ള ഗൂഢാലോചനയാണ് എക്സിറ്റ് പോൾ ഫലങ്ങൾ എന്നായിരുന്നു അതിഷിയുടെ പ്രതികരണം. എന്നാൽ അതിഷിയുടെ പ്രതീക്ഷകൾ വോട്ടെണ്ണലിന്റെ ആദ്യ അഞ്ച് മണിക്കൂർ കടന്നപ്പോൾ തന്നെ അസ്തമിച്ചു. നിലവിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 47 എണ്ണത്തിലും ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. ആം ആദ്മി പാർട്ടി 23 സീറ്റുകളിൽ മുന്നേറുമ്പോൾ കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. അപ്പോഴും കൽക്കാജിയിൽ അതിഷി തന്റെ വിജയം ഉറപ്പാക്കി. ആടിയുലഞ്ഞ മണ്ഡലത്തിൽ ഒരു ഘട്ടത്തിൽ ബിജെപിയുടെ രമേശ് ബിധുരി വിജയിക്കുമെന്ന പ്രതീതിയുണ്ടായെങ്കിലും അത് ഏറെ നീണ്ടുനിന്നില്ല. 3521 വോട്ടുകൾക്കാണ് മണ്ഡലത്തിലെ 12 റൗണ്ടുകളും എണ്ണിത്തീരുമ്പോൾ അതിഷി മുന്നിട്ട് നിൽക്കുന്നത്.