അരവിന്ദ് കെജ്‌രിവാൾ സ്വപ്നത്തിൽ വന്നു; പാർട്ടിയിലേക്ക് തിരിച്ചെത്തി നാല് ദിവസം മുൻപ് ബിജെപിയിൽ ചേർന്ന എഎപി നേതാവ്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്വപ്നം കണ്ടതിന് പിന്നാലെ ബിജെപിയിൽ നിന്നും ആം ആദ്മി പാർട്ടിയിലേക്ക് തിരിച്ചെത്തി ഡൽഹി കൗൺസിലർ. നാല് ദിവസം മുൻപാണ് എഎപി അംഗമായിരുന്ന രാമചന്ദ്ര ബിജെപിയിൽ ചേർന്നത്. ഡൽഹി മുൻസിപൽ കോർപ്പറേഷൻ വാർഡ് കമ്മിറ്റി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് എഎപിയിൽ തിരിച്ചെത്താൻ രാമചന്ദ്ര തീരുമാനിക്കുന്നത് .
നാല് ദിവസങ്ങൾക്ക് മുൻപ്, ആഗസ്റ്റ് 25 നാണ് നാല് എഎപി കൗൺസിലർമാർക്കൊപ്പം രാമചന്ദ്ര ബിജെപിയിൽ ചേർന്നത്. വൈകാതെ തന്നെ എഎപിയിൽ നിന്നും പിൻമാറിയതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രാമചന്ദ്ര രംഗത്തെത്തി. ബിജെപിയിൽ ചേർന്നതാണ് തൻ്റെ ഏറ്റവും വലിയ തെറ്റെന്നായിരുന്നു നേതാവിൻ്റെ പ്രസ്താവന.
"ആം ആദ്മി പാർട്ടിയുടെ ഒരു അംഗമായ ഞാൻ കഴിഞ്ഞ ദിവസം ഒരു തെറ്റായ തീരുമാനമെടുത്തു, പക്ഷേ ഞാൻ വീണ്ടും എൻ്റെ കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി, നമ്മുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എൻ്റെ സ്വപ്നത്തിൽ പ്രത്യപക്ഷപ്പെട്ടു. 'രാമചന്ദ്ര, എഴുന്നേറ്റ് പോയി മനീഷ് സിസോദിയ, ഗോപാൽ റായ്, സന്ദീപ് പഥക് തുടങ്ങി എല്ലാ നേതാക്കളെയും കാണൂ' എന്നായിരുന്നു സ്വപ്നത്തിൽ അദ്ദേഹം നിർദേശിച്ചത്," രാമചന്ദ്ര പറയുന്നു.
രാമചന്ദ്രയുടെ മടങ്ങിവരവിന് പിന്നാലെ കൗൺസിലറെ പാർട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്തുകൊണ്ട് മനീഷ് സിസോദിയയുടെ എക്സ് പോസ്റ്റെത്തി. അതേസമയം സ്വന്തമായി വന്ന് സ്വന്തം നിലക്ക് തിരികെ പോകുന്ന രാമചന്ദ്രയെ വീണ്ടും സ്വീകരിച്ച എഎപി തങ്ങളുടെ നിരാശയാണ് ഈ വിധം പ്രകടിപ്പിക്കുന്നതെന്ന് ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.

