
ഹരിയാന കൈവിട്ടെങ്കിലും ജമ്മു കശ്മീരിൽ ആദ്യമായി അക്കൗണ്ട് തുറന്ന് എഎപി. മുസ്‍ലിം ഭൂരിപക്ഷമുള്ള ജമ്മുവിലെ ദോഡ സീറ്റിൽ 4538 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എഎപിയുടെ മെഹ്‌രാജ് മാലിക് വിജയിച്ചത്. 2014 ൽ ബിജെപി വിജയിച്ച സീറ്റാണ് മുസ്‍ലിം ഭൂരിപക്ഷമുള്ള ജമ്മുവിലെ ദോഡ. കോൺഗ്രസിലെയും നാഷണൽ കോൺഫറൻസിലേയും രണ്ട് പ്രമുഖ നേതാക്കളെ മെഹ്‌രാജ് മാലിക് തോൽപ്പിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത.
തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടായിരുന്നിട്ടും കോൺഗ്രസും എൻസിയും സൗഹൃദ മത്സരം നടത്താൻ തീരുമാനിച്ച അഞ്ച് സീറ്റുകളിൽ ഒന്നാണ് ദോഡ. കോൺഗ്രസ് ഷെയ്ഖ് റിയാസിനെ മത്സരിപ്പിച്ചപ്പോൾ നാഷണൽ കോൺഫറൻസ് ഖാലിദ് നജീബ് സുഹർവാദിയെയാണ് സീറ്റിലേക്ക് നിർത്തിയത്. 2013ൽ എഎപിയിൽ ചേർന്ന മാലിക് കഹാര സെഗ്‌മെൻ്റിൽ നിന്നുള്ള ജില്ലാ വികസന കൗൺസിലറാണ്.
അതേസമയം, കെജ്‍രിവാളിന്റെ ജന്മനാടായ ഹരിയാനയിൽ ഒരു സീറ്റ് പോലും നേടാൻ എഎപിക്കായില്ല. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ എഎപി പരാജയപ്പെട്ട ശേഷം 89 സീറ്റുകളിലേക്കാണ് എഎപി സ്ഥാനാർഥികളെ മത്സരിപ്പിച്ചത്. 2012 ൽ പാർട്ടി രൂപീകരണ ശേഷം നടന്നിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലോ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലോ ഹരിയാനയിൽ ഒരു സീറ്റ് പോലും എഎപി നേടിയിട്ടില്ല. 2019 ൽ മത്സരിച്ച 46 സീറ്റുകളിൽ തോറ്റെന്ന് മാത്രമല്ല നോട്ടയേക്കാൾ കുറഞ്ഞ വോട്ട് വിഹിതമാണ് പാർട്ടിക്ക് നേടാനായത്.