
കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ വിട്ടുമാറാത്ത മരവിപ്പിലാണ് കോഴിക്കോട് താമരശ്ശേരി. താമരശ്ശേരി ഈങ്ങാപ്പുഴയിലെ ഷിബിലയുടെ കൊല കൂടിയായതോടെ നാടാകെ ആശങ്കയിലാണ്. ലഹരിസംഘങ്ങളുടെ തേര്‍വാഴ്ചയ്‌ക്കെതിരെ പൊലീസ് സംവിധാനങ്ങളും ജനകീയ പ്രതിരോധവുമെല്ലാം സജീവമാണെങ്കിലും ആഴത്തിലാണ് ലഹരിമാഫിയയുടെ വേരുകള്‍. താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരിവ്യാപാരത്തിനും ലഹരിക്കടത്തിനും കുറവൊന്നുമുണ്ടായിട്ടില്ലെന്നതിന് തെളിവാണ് മേഖലയില്‍ ആവര്‍ത്തിക്കുന്ന കൊടും കുറ്റകൃത്യങ്ങള്‍.
2023 സെപ്റ്റംബര്‍ 4 മുതലാണ് കോഴിക്കോടിന്റെ മലയോര മേഖലയായ താമരശ്ശേരി ലഹരി സംബന്ധമായ വാര്‍ത്തകളില്‍ നിറയുന്നത്. അമ്പലമുക്ക് കൂരിമുണ്ടയില്‍ സ്ഥിരം കുറ്റവാളിയായ അയൂബിന്റെ നേതൃത്വത്തില്‍ ലഹരി ക്യാമ്പ് ആരംഭിക്കുകയും പ്രതികരിച്ചവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ വളര്‍ത്തുനായകളെ അഴിച്ചുവിടുകയും ചെയ്തു. പ്രതികളെ പിടികൂടി നിയമപരമായി ശിക്ഷിച്ചെങ്കിലും മേഖലയില്‍ നാമ്പിട്ട ലഹരിയുടെ കളകളെ പിഴുതെറിയാന്‍ നിയമ സംവിധാനങ്ങള്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.
ഈ വര്‍ഷം ജനുവരി 18-നാണ് അടിവാരം മുപ്പതേക്ര സ്വദേശി ആഷിഖ് കാന്‍സര്‍ ബാധിതയായ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ലഹരിയുടെ മൂര്‍ധന്യാവസ്ഥയിലായിരുന്നു കൊലപാതകം. അയല്‍വീട്ടില്‍ നിന്നും വെട്ടുകത്തി വാങ്ങി വീട്ടിലെത്തിയ ആഷിഖ് ഉമ്മ സുബൈദയുടെ കഴുത്തിനും മുഖത്തും തുടരെത്തുടരെ വെട്ടുകയായിരുന്നു.
ഇന്നലെ 23 കാരിയായ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി എന്ന വാര്‍ത്ത പുറത്തുവരുന്നതോടെ താമരശ്ശേരി ശരിക്കും ഭീതിയിലാണ്. ഈങ്ങാപ്പുഴ സ്വദേശി യാസിറിന്റെ ആക്രമണത്തില്‍ ഭാര്യ ഷിബില കൊല്ലപ്പെടുകയും ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യാസിറിന്റെ ലഹരി ഉപയോഗത്തില്‍ മനംമടുത്ത ഷിബില ഏറെ നാളായി സ്വന്തം വീട്ടിലായിരുന്നു താമസം. അവിടെയെത്തിയാണ് യാസിര്‍ കൊലപാതകം നടത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ യാസിറും ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഉറ്റ സുഹൃത്തുക്കളായിരുന്നു.
മാര്‍ച്ച് 9ന് പോലീസ് പരിശോധനക്കിടെ കയ്യിലുണ്ടായിരുന്ന എംഡിഎംഎ, കഞ്ചാവ് പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദും താമരശ്ശേരി മൈക്കാവ് സ്വദേശിയാണ്. മേഖലയില്‍ ജനകീയ സമിതികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ ഒരു നാടൊന്നായി ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമം നടക്കുകയാണ്. പക്ഷെ ആഴത്തില്‍ വേരൂന്നിയ ലഹരി സംഘങ്ങള്‍ ഇപ്പോഴും സജീവമാണ് എന്നതാണ് വസ്തുത.