ആറ്റുകാൽ പൊങ്കാല: അധിക സർവീസുകൾ അനുവദിച്ച് റെയിൽവേ

ആറ്റുകാൽ പൊങ്കാല: അധിക സർവീസുകൾ അനുവദിച്ച് റെയിൽവേ

24 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചു
Published on

തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്ക് അധിക സർവീസുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്ത് നിന്ന് നാഗർകോയിലിലേക്കും തിരിച്ചുമാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് വേണ്ടിയുള്ള പ്രത്യേക സർവീസ്. 24 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചു.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമായി. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. ക്ഷേത്രത്തിലേക്ക് ഉള്ള ഭക്തരുടെ ഒഴുക്ക് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. പൊങ്കാല ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ക്ഷേത്ര വളപ്പിൽ അംബ, അംബിക, അംബാലിക എന്നീ മൂന്നു വേദികളിലായി നടക്കുന്ന കലാപരിപാടികളുടെ ഉദ്‌ഘാടനം ഇന്നു വൈകിട്ട് നടക്കുന്ന ചടങ്ങിൽ അംബ വേദിയിൽ ചലച്ചിത്ര താരം നമിത പ്രമോദ് നിർവഹിക്കും. ഇത്തവണത്തെ ആറ്റുകാൽ അംബ പുരസ്‌കാരം ഗായിക കെ. ഓമനക്കുട്ടിക്ക് ചടങ്ങിൽ സമർപ്പിക്കും. നടപന്തലിന് സമീപം ക്ഷേത്രത്തിൽ എത്തുന്നവർക്കായി മൊബൈൽ ഫോൺ, ചെരുപ്പ് സൂക്ഷിപ്പു കൗണ്ടര്‍ ഒരുക്കുമെന്നും പൊങ്കാല അർപ്പിക്കുന്നവർ റോഡിലെ നടപ്പാതയിൽ പൊങ്കാലയിടരുതെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പൊങ്കാല ദിവസം കോട്ടന്‍ വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കണം, ഭക്ഷണം കഴിക്കാൻ വേണ്ട സ്റ്റീൽ പത്രങ്ങൾ ഭക്തജനങ്ങൾ കൊണ്ടു വരണം, പൊങ്കാലയ്‌ക്കെത്തുന്നവർ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും ഒഴിവാക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

News Malayalam 24x7
newsmalayalam.com