
സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ വധശിക്ഷയാണ് റിയാദ് ക്രിമിനൽ കോടതി റദ്ദാക്കിയത്. വിധി റദ്ദാക്കിയതിനെത്തുടർന്ന് ജയിൽ മോചനം ഉടൻ സാധ്യമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയെന്ന കേസിലാണ് റഹീമിന് ശിക്ഷ വിധിച്ചത്.
മരണപ്പെട്ട വ്യക്തിയുടെ കുടുംബം ദയാധനമായി ആവശ്യപ്പെട്ട തുക 34 കോടി രൂപ സ്വരൂപിച്ചത് ക്രൗഡ് ഫണ്ടിംഗിലൂടെയായിരുന്നു. ഈ തുക നേരത്തെ തന്നെ റിയാദ് ക്രിമിനിൽ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു. മാപ്പു നൽകിയുള്ള കുടുംബത്തിന്‍റെ സമ്മതപത്രം ഉടൻ റിയാദ് കോടതി റിയാദ് ഗവർണറേറ്റിന് കൈമാറും.
അധികം വൈകാതെ ജയിൽ മോചിതനാകുന്ന റഹീമിനെ റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കും. കഴിഞ്ഞ ദിവസങ്ങളിൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും മരണപ്പെട്ട യുവാവിന്‍റെ കുടുംബം എത്തിയിരുന്നില്ല. ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെയാണ് റഹീമിന്‍റെ മോചനത്തിനുള്ള നീക്കം ആരംഭിച്ചത്.