റഹീം മോചനക്കേസ് ഡിസംബർ 8ന് പരിഗണിക്കും; നിരാശയോടെ കാത്തിരിപ്പ് തുടർന്ന് കുടുംബം

പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം
റഹീം മോചനക്കേസ് ഡിസംബർ 8ന് പരിഗണിക്കും; നിരാശയോടെ കാത്തിരിപ്പ് തുടർന്ന് കുടുംബം
Published on
Updated on



സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം മോചനക്കേസ് ഡിസംബർ 8ന് വീണ്ടും പരിഗണിക്കുമെന്ന് റിയാദ് കോടതി അറിയിച്ചു. ഡിസംബർ 8ന് രാവിലെ 9.30ന് മോചനഹർജിയിൽ പൊതുവാദം കേൾക്കും. അറിയിപ്പ് കിട്ടിയതായി റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

അതേസമയം, 18 വർഷമായി സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ ജയില്‍ മോചനം വൈകുന്നതിൽ നിരാശയോടെ കുടുംബം. റിയാദ് ക്രിമിനൽ കോടതി കേസ് ഇന്ന് പരിഗണിച്ചെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും. സൗദി ബാലൻ മരിച്ച കേസിലാണ് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹീം 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്നത്.

പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. വിധി പറയൽ രണ്ടാഴ്ചക്ക്​ ശേഷമെന്നാണ്​ ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചത്. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു.

ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. എന്നാൽ കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയാക്കാനുള്ളതിനാൽ അബ്ദുൾ റഹീമിന്റെ മോചനം നീണ്ടുപോകുകയായിരുന്നു. സമാനതകളില്ലാത്ത ഫണ്ട് ശേഖരണത്തിൽ മൊത്തം 47.87 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്.

ഇതിൽ റഹീമിന്റെ മോചനത്തിനായി 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീൽ ഫീസായി ഒന്നരക്കോടിയും ഉൾപ്പെടെ 36.27 കോടി രൂപ വിനിയോഗിച്ചു. ഇതിനിടെ അബ്ദുൽ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും റിയാദിൽ ജയിലിൽ എത്തി റഹീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com