ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയെന്നത് സത്യം; സമസ്തയിലുണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ വിഷമിപ്പിച്ചു: അബ്ദുസമദ് പൂക്കോട്ടൂര്‍

ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയെന്നത് സത്യം; സമസ്തയിലുണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ വിഷമിപ്പിച്ചു: അബ്ദുസമദ് പൂക്കോട്ടൂര്‍

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ അവിശ്വസിക്കേണ്ടതില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
Published on


കഴിഞ്ഞ ദിവസം സമസ്തയിലുണ്ടായ കാര്യങ്ങള്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ വിഷമിപ്പിച്ചുവെന്ന് എസ്‌വൈഎസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ അവിശ്വസിക്കേണ്ടതില്ല. മുശാവറ യോഗത്തില്‍ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സമസ്ത മുശാവറയില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് വാക്കു തര്‍ക്കത്തിന് കാരണമായത്. ഉമര്‍ ഫൈസിയെക്കുറിച്ചുള്ള ചര്‍ച്ചയായതിനാല്‍ അദ്ദേഹം മാറി നില്‍ക്കണമെന്നായിരുന്നു ജിഫ്രി മുത്തുക്കോയ ആവശ്യപ്പെട്ടത്. എന്നാല്‍ ഉമര്‍ ഫൈസി മുക്കം ഇതിന് വിസമ്മതിച്ചതാണ് ജിഫ്രി മുത്തുക്കോയ തങ്ങളെ ചൊടിപ്പിച്ചത്.

സമസ്ത അധ്യക്ഷന്റെ വാക്കുകള്‍ അനുസരിക്കണമെന്ന് ബഹാഉദ്ദീന്‍ നദ് വി ആവശ്യപ്പെട്ടപ്പോള്‍ ഉമര്‍ ഫൈസി മുക്കം പറഞ്ഞത്, കള്ളന്‍മാര്‍ പറയുമ്പോള്‍ മാറി നില്‍ക്കേണ്ടതില്ല എന്നാണ്. അപ്പോള്‍ താനും കള്ളനാണോ എന്ന് ചോദിച്ചുകൊണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.


എന്നാല്‍ സമസ്ത മുശാവറയില്‍ പൊട്ടിത്തെറിയുണ്ടായിട്ടില്ലെന്നാണ് ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമര്‍ ഫൈസി മുക്കത്തെ തള്ളിക്കൊണ്ട് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.

News Malayalam 24x7
newsmalayalam.com