
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിക്കഴിഞ്ഞു വയനാട്ടിലെ ചൂരൽമലയിലെ ഉരുൾപൊട്ടൽ. ഒറ്റ രാത്രികൊണ്ട് ഒരു പ്രദേശമാകെയാണ് ഇല്ലാതായത്, ഒപ്പം അവിടുത്തെ ജനതയും. ദുരന്ത ബാധിത മേഖലയായ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ വാർഡിൽ ഉണ്ടായിരുന്ന 540 വീടുകളിൽ, ഇപ്പോൾ അവശേഷിക്കുന്നത് 25 വീടുകൾ മാത്രമാണെന്ന വാർത്ത ദുരന്തത്തിൻ്റെ യഥാർത്ഥ ചിത്രം വരച്ചു കാട്ടുകയാണ്.
864 പേരാണ് വാർഡിൽ ഉണ്ടായിരുന്നതെന്നാണ് പഞ്ചായത്ത് നൽകുന്ന വിവരം. ഇത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ കണക്ക് മാത്രമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ എത്രപേരുണ്ടെന്ന കാര്യത്തിൽ ഇതുവരെയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. ഇവരിൽ എത്ര പേരെ രക്ഷപ്പെടുത്താൻ സാധിച്ചു, എത്ര പേർ മരണപ്പെട്ടുവെന്നതെല്ലാം ചോദ്യചിഹ്നം. ചൂരൽമലയിൽ 35 വീടുകളാണ് പൂർണമായും തകർന്നത്.
അതേസമയം, മുണ്ടക്കൈയിലെ റാണിമല, വനറാണി എസ്റ്റേറ്റുകളിലെ ഹരിസൺ മലയാളം തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങളും ഇതുവരെയും ലഭ്യമായിട്ടില്ല. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം അവിടെ നിന്നും 42 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒഴിപ്പിച്ചിരുന്നു. എന്നാൽ ബാക്കിയുള്ള 30 പേരെക്കുറിച്ച് സർക്കാർ ഏജൻസികൾക്കോ, പഞ്ചായത്തിനോ യാതൊരു വിവരവുമില്ല. കാണാതായെന്നോ, അപകടത്തിൽ പെട്ടെന്നോ അറിയാത്തതിനാൽ സർക്കാരുമായി ബന്ധപ്പെടാൻ ആ തൊഴിലാളികളുടെ കുടുംബത്തിനും സാധിച്ചിരിക്കില്ല.