
സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരത്തിൻ്റെ പരിധി പരിഷ്കരിച്ച് അബുദാബി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളുടെ സ്കൂൾ ബാഗിൻ്റെ ഭാരം സ്വന്തം ഭാരത്തിൻ്റെ 5-10 ശതമാനത്തിൽ കൂടുന്നില്ലെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് പുറത്തിറക്കിയ നയത്തിൽ പറയുന്നു.
അമേരിക്കൻ കൈറോപ്രാക്റ്റിക് അസോസിയേഷൻ്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഗ്രേഡുകളിലുടനീളമുള്ള വിദ്യാർഥികൾക്ക് അതോറിറ്റി നിശ്ചിത ഭാരം പരിധി കണക്കാക്കിയിട്ടുണ്ട്. ഓരോ വിദ്യാർഥിയുടെയും വ്യക്തിഗത ഘടകങ്ങൾ അവരുടെ മൊത്തത്തിലുള്ള ആരോഗ്യം, ശാരീരിക ശക്തി, നിലവിലുള്ള ഏതെങ്കിലും ആരോഗ്യ സാഹചര്യങ്ങൾ നേരിടുന്നുണ്ടോയെന്നും ഈ അവസരത്തിൽ പരിഗണിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 2026 ഫെബ്രുവരി 1 മുതൽ സ്കൂളുകളിൽ ഈ നയം നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.