
കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്. അമിത വേഗത്തിൽ കാറോടിച്ചതിനാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ഓടിച്ച കാർ എംജി റോഡിലെ മെട്രോ പില്ലർ 654ന് അടുത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം സംഭവിക്കുന്നത്. ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നിയന്ത്രണം വിട്ട കാർ റോഡിനരികിലെ തലകീഴായി മറിയുകയായിരുന്നു. ഒരു മീറ്ററോളം ഡ്രിഫ്റ്റ് ചെയ്ത് പോയതിന് ശേഷമാണ് കാർ നിന്നത്. പരുക്കേറ്റ നടൻ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കവെയായിരുന്നു അപകടം.
അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികനെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നടൻമാരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികനായ ഡെലിവറി ബോയിയുടെ മൊഴി പൊലീസ് എടുക്കുന്നുണ്ട്.
അതേസമയം, ഷൂട്ടിങ്ങിനായി അനുമതി വാങ്ങിയിരുന്നതായി സിനിമ അണിയറ പ്രവർത്തകർ വ്യക്തമാക്കി. സാധാരണ ഗതിയിൽ ചേയ്സിങ്ങ് രംഗങ്ങളുൾപ്പെടെ എംജി റോഡിൽ രാത്രികാലങ്ങളിൽ നടക്കാറുണ്ട്. എന്നാൽ അപൂർവമായാണ് ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ സംഭവിക്കുന്നത്.