കോന്നി ആനക്കൂട്ടിലെ അപകടം: ടൂറിസം കേന്ദ്രങ്ങളിലെ 60 വയസ് കഴിഞ്ഞ താത്കാലിക ജീവനക്കാരെ പിരിച്ചുവിടും, വനം വകുപ്പ് നടപടിക്കെതിരെ ജീവനക്കാർ

കുട്ടവഞ്ചി തുഴയുന്നവർ ഉൾപ്പെടെയുള്ള 60 വയസ് പിന്നിട്ട താത്കാലിക ജീവനക്കാരോടാണ് വനംവകുപ്പിന്റെ ക്രൂരനടപടി
കോന്നി ആനക്കൂട്ടിലെ അപകടം: ടൂറിസം കേന്ദ്രങ്ങളിലെ 60 വയസ് കഴിഞ്ഞ 
താത്കാലിക ജീവനക്കാരെ പിരിച്ചുവിടും, വനം വകുപ്പ് നടപടിക്കെതിരെ ജീവനക്കാർ
Published on

വനംവകുപ്പിൻ്റെ അനാസ്ഥയിൽ ബലിയാടായി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ താത്കാലിക ജീവനക്കാർ. കോന്നി ആനക്കൂട്ടിൽ ഉണ്ടായ അപകടത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എന്ന പേരിൽ 60 വയസ് കഴിഞ്ഞ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ ഉത്തരവ് പ്രകാരമാണ് തീരുമാനം. ഉത്തരവിനെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തെത്തി.

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇടിഞ്ഞു വീണ് നാലു വയസുകാരൻ മരിച്ചതിന് പിന്നാലെയാണ് വനംവകുപ്പിന് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിക്കാനുള്ള നീക്കവുമായി വനം വകുപ്പ് രംഗത്തെത്തിയത്. അടവി ഇക്കോ ടൂറിസം കേന്ദ്രം ഉൾപ്പെടെയുള്ള വനംവകുപ്പിന് കീഴിൽ വരുന്ന സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെ 60 വയസ് പിന്നിട്ട താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനാണ് നിലവിൽ വനംവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരോട് ഇനി ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന നിർദ്ദേശം നൽകി. കുട്ടവഞ്ചി തുഴയുന്നവർ ഉൾപ്പെടെയുള്ള 60 വയസ് പിന്നിട്ട താത്കാലിക ജീവനക്കാരോടാണ് വനംവകുപ്പിന്റെ ക്രൂരനടപടി.

മെയ് 7 ബുധനാഴ്ച വൈകിട്ട് തൊഴിലാളികൾക്ക് മൊബൈൽ ഫോണിൽ ഒരു സന്ദേശം ലഭിക്കുന്നു. തൊട്ടടുത്ത ദിവസം പ്രായം തെളിയിക്കുന്ന രേഖകളുമായി എത്തണമെന്നായിരുന്നു സന്ദേശം. തുടർന്ന് അടുത്ത ദിവസം ഓഫീസിൽ എത്തിയപ്പോൾ മാത്രമാണ് ജോലി നഷ്ടപ്പെട്ട വിവരം 60 വയസ് കഴിഞ്ഞ താത്കാലിക ജീവനക്കാർ അറിയുന്നത്. മുൻകൂട്ടി അറിയിക്കാതെ പൊടുന്നനെയുള്ള പിരിച്ചുവിടൽ വകുപ്പിന്റെ തൊഴിലാളി വിരുദ്ധ സമീപനമാണെന്ന് ജോലി നഷ്ടപ്പെട്ടവർ പറയുന്നു.

60 വയസ് പിന്നിട്ട ഒട്ടുമിക്ക താത്കാലിക ജീവനക്കാരും 10 വർഷത്തിലധികമായി അടവി ടൂറിസം കേന്ദ്രത്തിൽ ജോലി ചെയ്യുന്നവരാണ്. തുച്ഛമായ ശമ്പളത്തിൽ ഇത്രയും കാലം ജോലി ചെയ്യുകയും ഒരു ആനുകൂല്യങ്ങളും ഇല്ലാതെ പിരിച്ചുവിടുകയും ചെയ്ത നടപടി വനംവകുപ്പ് തിരുത്തണമെന്ന് ജീവനക്കാർ പറയുന്നു. തീരുമാനം കർശനമായി നടപ്പിലാക്കാൻ വനംവകുപ്പ് തീരുമാനമെടുത്തതോടെ മുഴുവൻ തൊഴിലാളികളും സമരത്തിലേക്ക് നീങ്ങുകയാണ്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജീവനക്കാർ പണിമുടക്കി.

തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാതെ ജോലിയിൽ പ്രവേശിക്കില്ലെന്നാണ് സമരക്കാരുടെ തീരുമാനം. ഇതോടെ അടവി എക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. പിരിച്ചുവിടാൻ തീരുമാനിച്ച തൊഴിലാളികളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുകയോ അർഹമായ ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യാതെ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com