സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാ വിധി
പ്രതി ജോണിയും കൊല്ലപ്പെട്ട തോമസും
പ്രതി ജോണിയും കൊല്ലപ്പെട്ട തോമസും
Published on

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കൊലപെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര സ്വദേശി ജോണിക്കാണ് ശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാ വിധി.

2021ലാണ് കേസിനാസ്‌പദമായ സംഭവം. പുല്ലുവിള സ്വദേശി തോമസിനെ പ്രതി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ജോണി, തോമസിന്റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചത് തോമസ് വിലക്കിയിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായി. പിന്നാലെയാണ് തോമസിനെ ഇയാൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 

പാറക്കഷണം കൊണ്ട് തോമസിന്റെ നെഞ്ചിൽ ഇടിച്ച് എട്ട് വാരിയെല്ലുകൾ പൊട്ടിച്ചും തല പിടിച്ച് മുറിയിൽ ഉണ്ടായിരുന്ന കട്ടിലിൽ ഇടിച്ചുമായിരുന്നു കൊലപാതകം. പിന്നാലെ തൊട്ടടുത്ത ദിവസം ഇയാളുടെ മൃതദേഹം വീടിന് പുറത്തുള്ള കോമ്പൗണ്ട് മതിലിനോട് ചേർന്ന് കിടക്കുന്നതായി കണ്ടെത്തി. പാറശ്ശാല പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

കൃത്യം നടന്ന ദിവസം രാത്രിയിൽ ജോണി, തോമസുമായി ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വട്ടവിള ജംഗ്ഷനിലെ സർവീസ് സഹകരണ ബാങ്കിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് കേസിലെ നിർണായക തെളിവായി മാറി. പ്രതിയുടെ രണ്ടു സഹോദരങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. കൃത്യം നടന്ന ദിവസം പ്രതി സഹോദരനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com