
അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകൾ മോഷ്ടിച്ച പ്രതികൾ കൊച്ചിയിലെത്തിയത് അലൻ വാക്കർ യാത്ര ചെയ്ത അതേ വിമാനത്തിലെന്ന് പൊലീസ്. ഡൽഹി, ബോംബെ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സംഘങ്ങളാണ് മോഷണത്തിന് പിന്നിൽ. ഇതിൽ മുംബൈയിൽ നിന്നുള്ള സംഘമാണ് അലൻ വാക്കറിനൊപ്പം വിമാനത്തിൽ യാത്ര ചെയ്തത്. ഇവരെ പൊലീസ് ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിച്ചിരുന്നു.
ഡല്‍ഹി ദരിയാഗഞ്ചിൽ നിന്നാണ് കേസിലെ ആദ്യ അറസ്റ്റ് നടന്നത്. പ്രതികളായ ആത്തിക് ഉർ റഹ്മാർ, വാസിം അഹമ്മദ് എന്നിവരാണ് ഡൽഹിയിൽ നിന്നുള്ള മോഷണ സംഘത്തിൽ നിന്ന് അറസ്റ്റിലായത്. 2022 ൽ DJ പാർട്ടിക്കിടയിലെ മൊബൈൽ മോഷണം അടക്കം 8 കേസുകളിൽ പ്രതിയാണ് ആത്തിക് ഉർ റഹ്മാൻ. വാസിം അഹമ്മദിൻ്റെ പേരിൽ 4 കേസുകളുണ്ടെന്നാണ് കണ്ടെത്തൽ.
മുംബൈ സംഘത്തിൻ്റെ ഭാഗമായ സണ്ണി ബോല യാദവ്, ശ്യാം ബൽവാൽ എന്നിവരാണ് അറസ്റ്റിലായത്. സണ്ണി ബോല എന്നയാൾ 4 കേസുകളിലും ശ്യാം 7 കേസുകളിലും പ്രതിയാണ്. 20 മൊബൈല്‍ ഫോണുകളാണ് ഡൽഹി സംഘത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുബൈ സംഘത്തിൽ നിന്നും 3 ഫോണുകൾ കണ്ടെത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷൺ പുട്ട വിമലാദിത്യ പറഞ്ഞു.
ഡൽഹിയിൽ നിന്നുള്ള സംഘം ആറാം തീയതി രാവിലെ ട്രെയിനിലാണ് സംഗീത പരിപാടിക്കായി കൊച്ചിയിൽ എത്തിയത്. തുടർന്ന് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു. പിന്നീട് പരിപാടിയിൽ പങ്കെടുത്ത് മോഷണം നടത്തി, പിറ്റേ ദിവസം രാവിലെ ട്രെയിനിൽ ഡൽഹിയിലേക്ക് തിരിച്ച് പോയി. ബോംബെ സംഘം അലൻ വാക്കർ യാത്രചെയ്ത അതേ വിമാന ലാണ് സംഗീത പരിപാടിക്ക് വന്നതും തിരികെ പോയതും. പ്രതികൾ ഫോണുകൾ വിൽക്കാൻ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും കണ്ടെത്തിയ ഫോണുകളുടെ ഉടമകളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേസിൽ ഇനിയും 4 പേർ പിടിയിലാകാനുണ്ട്.