
കൊല്ലത്ത് അൻപതിലേറെ കവർച്ചാകേസില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയില്‍. ചണ്ണപേട്ടയില്‍ നിന്നാണ് ഏരൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഏരൂർ, കുളത്തൂപ്പുഴ മേഖലകളില്‍ നിരവധി കാണിക്കവഞ്ചികള്‍ തകര്‍ത്തും വീടുകളിലും മോഷണം നടന്നിരുന്നു. പരിശോധനയില്‍ വെള്ളംകുടി ബാബുവാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടർന്നാണ് രാത്രിയില്‍ ഇയാള്‍ ഒളിച്ചു പാർത്തിരുന്ന ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത്.
പ്രതിയെ വൈദ്യ പരിശോധനയ്ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയ വെള്ളംകുടി ബാബുവിനെതിരെ കിഴക്കൻ മേഖലയിലെ പൊലീസ് സ്റ്റേഷനുകളില്‍ എല്ലാം ജാഗ്രത നിർദേശം നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ജാമ്യത്തില്‍ ഇറങ്ങിയാല്‍ ഉടൻ അടുത്ത മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
മലയോര മേഖലയില്‍ ഇയാള്‍ക്ക് സഹായികള്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കവര്‍ച്ച നടന്ന ഇടങ്ങളില്‍ ഫോറന്‍സിക്, വിരലടയാള വിദഗ്ധർ അടക്കം എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.