കോട്ടയത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതി റിമാൻഡിൽ

പ്രതിയെ കോട്ടയം സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്
കോട്ടയത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതി റിമാൻഡിൽ
Published on

കോട്ടയം ഏറ്റുമാനൂരിൻ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻ്റിൽ. അറസ്റ്റ് നടപടികൾ പൂർത്തിയാക്കി രാത്രിയോടെയാണ് പ്രതി ജിബിൻ ജോർജിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. പ്രതിയെ കോട്ടയം സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

തട്ടുകടയിലെ തർക്കം പരിഹരിക്കുന്നതിനിടയിൽ ഉണ്ടായ ക്രൂരമായ മർദനത്തിൽ തിങ്കളാഴ്ച്ച പുലർച്ചെയാണ് ശ്യാംപ്രസാദ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മർദനമേറ്റ് നിലത്തുവീണ ശ്യാം പ്രസാദിൻ്റെ നെഞ്ചിൽ പ്രതി ചവിട്ടി പരിക്കേൽപ്പിച്ചിരുന്നു. ആക്രമണത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതും ശ്വാസകോശത്തിന് ക്ഷതമേൽക്കുകയും ചെയ്തത് മരണത്തിന് കാരണമായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.

സംഭവം നടന്ന തെള്ളകത്തെ തട്ടുകടയിൽ ജിബിൻ ജോർജിനെ തിങ്കളാഴ്ച വൈകുന്നേരം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ നീക്കം. ഇതിനായി ഉടനെ തന്നെ കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com