
കഠിനംകുളം കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കൊല്ലപ്പെട്ട ആതിരയെ വിവാഹം ചെയ്ത് തരണമെന്ന് പ്രതി ജോൺസൺ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നെന്ന് പൊലീസ്. ഒരുമിച്ച് താമസിക്കാൻ വാടക വീടിന് അഡ്വാൻസ് നൽകിയിരുന്നെന്നും ജോൺസൺ പൊലീസിന് മൊഴി നൽകി. കൊലയ്ക്ക് ഉപയോഗിച്ച കത്തി വാങ്ങിയ കടയിലുൾപ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ ഇവർ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലെത്തിയിരുന്നു. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിൽ ആതിര ബന്ധത്തിൽ നിന്ന് ഒഴിയുകയായിരുന്നു. ഇതാണ് ആതിരയുടെ കൊലയിലേക്ക് കൊണ്ട് ചെന്നെത്തിച്ചത്. തനിക്കൊപ്പം ജീവിക്കാൻ ആതിര തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി ജോൺസൺ മൊഴി നൽകിയിരുന്നു. ആതിരയെ വിവാഹം ചെയ്ത് തരണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു.
ആതിരയും ജോൺസണും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കാൻ വാടക വീടിന് അഡ്വാൻസ് നൽകി കാത്തിരിക്കുന്നതിനിടെയാണ് ആതിര തീരുമാനം മാറ്റിയത്. ഇത് പ്രതിയെ പ്രകോപിപ്പിച്ചു. പുലർച്ചയോടെ തിരുവനന്തപുരത്തെത്തിച്ച പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പി എസ് മഞ്ജുലാലിൻ്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. തുടർന്ന് കത്തി വാങ്ങിയ ചിറയൻകീഴിലെ കടയിലും ആതിരയുടെ സ്‌കൂട്ടർ ഉപേക്ഷിച്ച റെയിൽവേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുത്തു. കസ്റ്റഡിയിൽ വാങ്ങിയ ശേഷം വീട്ടിലെത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.