തേങ്കുറിശി ദുരഭിമാനക്കൊല: പ്രതികൾക്ക് ജീവപര്യന്തം തടവ്

മേൽജാതിക്കാരിയായ ഹരിതയെന്ന യുവതി, പിന്നാക്ക ജാതിക്കാരനായ അനീഷിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ
തേങ്കുറിശി ദുരഭിമാനക്കൊല: പ്രതികൾക്ക് ജീവപര്യന്തം തടവ്
Published on

കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശി ദുരഭിമാനക്കൊലയിലെ പ്രതികൾക്ക് ജീവപര്യന്തം തടവ്. പ്രതികൾ 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. ഈ തുക ഹരിതയ്ക്ക് കൈമാറും. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. വിധി കേൾക്കാൻ അനീഷിന്‍റെ കുടുംബവും ഹരിതയും എത്തിയിരുന്നു. 2020ലെ ക്രിസ്തുമസ് ദിനത്തിലാണ് തേങ്കുറിശി ഇലമന്ദം കൊല്ലത്തറയിൽ അനീഷ്‌ കൊല്ലപ്പെട്ടത്. അനീഷിൻ്റെ ഭാര്യാ പിതാവ് പ്രഭു കുമാർ, അമ്മാവൻ കെ. സുരേഷ്‌ കുമാർ എന്നിവരാണ്‌ കേസിലെ പ്രതികൾ.

അതേസമയം വിധിയിൽ തൃപ്തരല്ലെന്നും, അപ്പീലിനു പോകുമെന്നും അനീഷിൻ്റെ കുടുംബം അറിയിച്ചു. വധശിക്ഷ നൽകണമെന്നായിരുന്നു ആഗ്രഹമെന്നും സർക്കാരുമായി അപ്പീലിന് പോകുമെന്നും കൂട്ടിച്ചേർത്തു. ഇത്ര വലിയ തെറ്റിന് ഈ ശിക്ഷ പോരെന്നും തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. സ്നേഹിച്ചു പോയെന്ന കുറ്റത്തിനാണ് മകന് ജീവൻ നഷ്ടമായതെന്നും മാതാപിതാക്കൾ പറഞ്ഞു. 

ഭീഷണികൾ നേരിട്ടുവെന്നും തന്നെയും കൊല്ലുമെന്ന് പറഞ്ഞതായും ഹരിതയും വെളിപ്പെടുത്തി. പരിസരവാസികളടക്കം ഭീഷണിയുമായി എത്തിയിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തനിക്കും കുടുംബത്തിനും ജീവിക്കാന്‍ സാധിക്കില്ലെന്നും ഹരിത കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. കൊലപ്പെടുത്തുമെന്ന് പറഞ്ഞു കൊണ്ട് നിരവധി പേര്‍ വന്നിരുന്നു. ഭീതിയോടെയാണ് വീട്ടില്‍ കഴിയുന്നതെന്നും, ഹരിതയ്ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും, എവിടെ പോകാന്‍ ആണെങ്കിലും ആരെങ്കിലും കൂടെ പോകേണ്ട സ്ഥിതിയാണ് ഉള്ളതെന്നും അനീഷിന്റെ മാതാവ് പ്രതികരിച്ചു.

സവർണ ജാതിയിൽപ്പെട്ട ഹരിതയെന്ന യുവതി, പിന്നാക്ക വിഭാഗക്കാരനായ അനീഷിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. കേസിൽ ആകെ 59 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. വിവാഹശേഷം അനീഷിനെ നിരവധി തവണ ഭീഷണിപ്പെടുത്തിയ പ്രതികൾ, കൊലപാതകത്തിന് മുൻകൂട്ടി പദ്ധതിയിട്ടതായാണ് പ്രോസിക്യൂഷൻ വാദം.


എന്നാൽ, ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നും അതിക്രൂര കൊലപാതകമല്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും, ഭാവിയിൽ പ്രതികൾ ഇത്തരം ആക്രമണങ്ങൾ നടത്തില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ, വിചാരണയുടെ അവസാന ഘട്ടത്തിൽ കോടതിയുടെ ചോദ്യത്തിന് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നായിരുന്നു പ്രതികളായ പ്രഭു കുമാറിൻ്റെയും സുരേഷ് കുമാറിൻ്റെയും മറുപടി. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾക്ക് അതിൽ കുറ്റബോധമുണ്ടായിരുന്നില്ല.

അനീഷും ഹരിതയും സ്കൂൾ കാലം മുതൽക്കേ പ്രണയത്തിലായിരുന്നു. ഹരിതയുടെ കുടുംബത്തിൽ നിന്നും ഈ ബന്ധം പലതവണ വിലക്കിയെങ്കിലും ഇവർ പിൻമാറാൻ തയ്യാറായില്ല. പിന്നാലെ പെയ്ൻ്റിങ് തൊഴിലാളിയായ അനീഷിനെ ഹരിത വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞെങ്കിലും ഹരിതയുടെ കുടുംബത്തിൻ്റെ പക തീർന്നിരുന്നില്ല. ഇവർ പലതവണയായി അനീഷിനെ ഭീഷണിപ്പെടുത്തി. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്നും ബന്ധുക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീഷണികൾക്ക് പിന്നാലെയായിരുന്നു കൊലപാതകം.


സംഭവ ദിവസം അനീഷും സഹോദരനും ബൈക്കിൽ കടയിലേക്ക് പോവുകയായിരുന്നു. വഴിയിൽ കാത്തിരുന്ന പ്രഭു കുമാറും സുരേഷും ചേർന്ന് ഇരുവരെയും ആക്രമിച്ചു. വടിവാളും കമ്പിപ്പാരയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷ് ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com