കൊല്ലത്തെ അരുംകൊല: പിന്നിൽ കൃത്യമായ ആസൂത്രണം, പ്രതിയുടെ സുഹൃത്തും സംശയനിഴലിൽ

ജോലി ലഭിക്കാത്തതിനാലും, വിവാഹത്തിൽ നിന്ന് പിന്മാറിയതിനാലും പ്രതി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്
പ്രതി തേജസ്, കൊല്ലപ്പെട്ട ഫെബിൻ
പ്രതി തേജസ്, കൊല്ലപ്പെട്ട ഫെബിൻ
Published on
Updated on

കൊല്ലം ഉളിയക്കോവിലിൽ കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമെന്ന് പൊലീസ്. കൊലപാതകത്തിനായി മാസങ്ങൾ നീണ്ട തയ്യാറെടുപ്പാണ് പ്രതി തേജസ് രാജ് നടത്തിയത്. കൃത്യം നടത്തിയ ശേഷം തീവണ്ടിക്ക് മുന്നിൽ ചാടി മരിക്കാൻ ശ്രമിച്ചത് യാദൃച്ചികമല്ല. കൊലയ്ക്ക് മുൻപ് പർദ വാങ്ങി ധരിച്ചിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മ ഡെയ്‌സി നൽകിയ മൊഴിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തുന്നതിന് സഹായകരമായത്.



പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന പൊലീസ് സംശയം കൊണ്ടു ചെന്നെത്തിച്ചത് തേജസിൻ്റെ സുഹൃത്ത് ഫ്ലോറിക്കിലാണ്. ഫെബിൻ്റെ സഹോദരി വീട്ടിലുണ്ടോ എന്നറിയാൻ ഈ സുഹൃത്താണ് സന്ദേശമയച്ചത്. ഇയാളെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.
ചവറ മുതൽ ള്ളിയക്കോവിൽ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.


കഴിഞ്ഞ ദിവസം രാത്രി 7 മണിക്കാണ് ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസ് (21) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ പ്രണയപ്പകയാണ് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇരു കുടുംബവും തമ്മിൽ വർഷങ്ങളോളം പരിചയം ഉണ്ടെന്നും തേജസിൻ്റെയും ഫെബിൻ്റെ സഹോദരിയുടേയും വിവാഹം ഉറപ്പിച്ചിരുന്നു എന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇരുവരും പെരുമൺ എഞ്ചിനീയറിങ് കോളേജിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഫെബിൻ്റെ സഹോദരിക്ക് കോഴിക്കോടായിരുന്നു ജോലി കിട്ടിയത്. ജോലി കിട്ടയതിൽ പിന്നെ സഹോദരി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.


പ്രതിക്കാണെങ്കിൽ ജോലിയും ഉണ്ടായിരുന്നില്ല. കോൺസ്റ്റബിൾ ട്രെയിനിങ്ങിന് അടക്കം പങ്കെടുത്തിരുന്നുവെങ്കിലും, ഫിറ്റ്നസ് പൂർത്തിയാകാത്തതിനെ തുടർന്ന് അതിൽ നിന്നും ഫെയിലിയർ ആകുകയായിരുന്നു. ഇതേ തുടർന്ന് പ്രതി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും,കൗൺസിലിങ് ഉൾപ്പെടെ നൽകിയിരുന്നു എന്നുമാണ് ലഭ്യമാകുന്ന വിവരം. വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഇവർക്കിടയിൽ തർക്കം പതിവായിരുന്നു.


ഇതിനെത്തുടർന്നായിരുന്നു കൊലപാതകം നടന്നത്. സഹോദരി തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സഹോദരി വീട്ടിലില്ലാത്തതിനെ തുടർന്നാണ് പിതാവ് ഗോമസുമായി പ്രതി വാക്കുതർക്കത്തിലാകുന്നത്. ഇത് തടയാനെത്തിയ ഫെബിനെ പ്രതി കുത്തിവീഴ്ത്തുകയായിരുന്നു. പിതാവ് ഗോമസിനും കുത്തേറ്റിറ്റുണ്ട്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മയാണ് കേസിലെ മുഖ്യസാക്ഷി. ഇവർ ഇപ്പോൾ പിതാവിനൊപ്പം ആശുപത്രിയിലാണ്. ഫെബിൻ ജോർജിനെ കൊലപ്പെടുത്തിയതിന് പിന്നാലെ തേജസ് രാജ് കൈ ഞരമ്പ് മുറിച്ച് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു. യുവതിയെ പെട്രോളൊഴിച്ച് കൊല്ലാനായിരുന്നു തേജസ് വീട്ടിലെത്തിയത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് പൊലീസ് പെട്രോൾ കണ്ടെത്തിയിരുന്നു. അതേസമയം, കൊല്ലപ്പെട്ട ഫെബിൻ്റെ സംസ്ക്കാരം ഇന്ന് നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com