ആ ചിരി ഇന്നസെന്‍റ് ആയിരുന്നു; ഓർമ്മകള്‍ക്ക് രണ്ട് വർഷം

സിനിമയിൽ സജീവമായിരിക്കെയാണ് അർബുദം ഒരു വില്ലനായി അവതരിച്ചത്. പക്ഷെ ഇന്നച്ചൻ തളർന്നില്ല. ആത്മവിശ്വാസത്തോടെ നിറഞ്ഞ ചിരിയോടെ പൊരുതി രോഗമുക്തിക്ക് പിന്നാലെ അര്‍ബുദ അവബോധരംഗത്തും ശ്രദ്ധേയനായി. ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’. എന്ന പേരിൽ അര്‍ബുദ അതിജീവനത്തെക്കുറിച്ച് പുസ്തകമെഴുതി ആ ചിരി സമൂഹത്തിലേക്ക് കൈമാറി.ഏത് പ്രതിസന്ധികളിലും ചിരിയെന്ന ആയുധമാണ് ഇന്നെസെൻ്റ് മുറുകപ്പിടിച്ചത്.
ആ ചിരി ഇന്നസെന്‍റ് ആയിരുന്നു; ഓർമ്മകള്‍ക്ക് രണ്ട് വർഷം
Published on


ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ മൂന്നുപതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന താരമാണ് ഇന്നസെൻ്റ്. ചിരികൾക്കുമപ്പുറം അഭിനയത്തിൻ്റെ അനന്ത സാധ്യതകളെ തുറന്നിടുന്നതായിരുന്നു ഇന്നച്ചൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ. ചിരിയും, കോപവും, സങ്കടവുമെല്ലാം പ്രേക്ഷകരിലേക്ക് അതേപടി പകർന്നുനൽകാനും അദ്ദേഹത്തിനായി. ക്യാന്‍സർ വാർഡില്‍ നിന്നും ചിരിയുയരാമെന്ന് നമ്മോട് പറഞ്ഞ ഇന്നസെന്‍റ് വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വ‍ർഷം. 

തൃശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമയിൽ വ്യത്യസ്ഥമായൊരു അഭിനയ ശൈലി തന്നെ സൃഷ്ടിച്ചെടുത്ത നടനാണ് ഇന്നസെൻ്റ്. ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്, മണിച്ചിത്രത്താഴ്, കാബൂളിവാല. വിയറ്റ്‌നാം കോളനി, കിലുക്കം, കാക്കക്കുയിൽ, പശുപതി, വേഷം, ദേവാസുരം, രാവണപ്രഭു, മിഥുനം തുടങ്ങി നിരവധി സിനിമകളിലൂടെ ഒട്ടനവധി കഥാപാത്രങ്ങളെ ഇന്നസെന്‍റ് മലയാളിക്ക് സമ്മാനിച്ചു. ഒരായുഷ്കാലം മുഴുവൻ ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയാണ് ഇന്നച്ചൻ വിട വാങ്ങിയത്.

എട്ടാം ക്ലാസിൽ വച്ച് പഠനമുപേക്ഷിച്ചാണ് ഇന്നസെൻ്റ് അഭിനയമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറിയത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിസിനിമയിലെത്തി. 1972-ൽ റിലീസായ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉർവ്വശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രതീക്ഷിച്ച തരത്തിൽ സിനിമയിൽ അവസരങ്ങൾ വരാതിരുന്ന സാഹചര്യത്തിൽ കർണായകയിൽ തീപ്പെട്ടിക്കമ്പനി നടത്തിയെങ്കിലും പച്ചപിടിച്ചില്ല. തുടർന്ന് മദ്രാസിലെത്തി ചെറിയ ജോലികളുമായി കുറച്ചുകാലം .

സനിമയിലെത്തിയ സമയത്ത് തന്നെ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് നിർമാണ കമ്പനി തുടങ്ങിയിരുന്നു. ഇളക്കങ്ങൾ, വിടപറയും മുൻപേ, ഓർമ്മക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ ഇന്നസെന്റ് നിർമ്മിച്ചു. സാമ്പത്തിക ബാധ്യതകാരണം ആ സംരഭം അവസാനിപ്പിക്കേണ്ടതായി വന്നു.വീണ്ടും അഭിനയത്തിലേക്കെത്തി.

1982-ൽ ഭരതൻ്റെ സംവിധാനത്തിലെത്തിയ ഓർമ്മക്കായി എന്ന സിനിമയിലെ കഥാപാത്രമാണ് ഇന്നസെൻ്റിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീടങ്ങോട്ട് എണ്ണിയാൽ തീരാത്തത്ര സിനിമകൾ, മറക്കാനാകാത്ത കഥാപാത്രങ്ങൾ. മലയാള സിനിമയിലെ എക്കാലത്തേയും ജനപ്രിയ ജോഡികളായിരുന്നു ഇന്നസെൻ്റും കെപിഎസി ലളിതയും. 750 ൽ അധികം മലയാള ചിത്രങ്ങളിലാണ് ഇന്നസെൻ്റ് വേഷമിട്ടത്.

1986 മുതലാണ് ഇന്നസെൻറ് സിനിമകളിൽ സജീവമാകുന്നത്. 1989-ൽ റിലീസായ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ മാന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ സൃഷ്ടിക്കാനും ഇന്നസെന്റിനു സാധിച്ചു. തുടർന്ന് ഗജകേസരിയോഗം, ഗോഡ്ഫാദർ, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ അനവധി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇന്നസെൻറിന് കഴിഞ്ഞു. ചിരി പടർത്താൻ മാത്രമല്ല. കാതോടുകാതോരത്തിലെ റപ്പായി, കേളിയിലെ ലാസര്‍, പൊന്മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി, തസ്‌കരവീരനിലെ ഈപ്പച്ചന്‍ തുടങ്ങി നെഗറ്റീവ് റോളുകളിലും അദ്ദേഹം തിളങ്ങി.

അഭിനേതാവ് മാത്രമില്ല മികച്ച സംഘാടകനും കൂടിയാണെന്ന് തെളിയിക്കുന്ന മികവാർന്ന പ്രവർത്തനമാണ് താരസംഘടനയായ A.M.M.Aയുടെ അധ്യക്ഷ സ്ഥാനത്തും ഇന്നസെൻ്റിനെ എത്തിച്ചത്. രാഷ്ട്രീയവും ഇന്നച്ചൻ്റെ ഇഷ്ടമേഖലകളിലൊന്നായരുന്നു. ഇടക്കാലത്ത് ഇടതുപക്ഷ പാർട്ടിയായ ആർ.എസ്.പിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായും 1979 മുതൽ 1983 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു. 2014-ലെ പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. കോൺഗ്രസ് നേതാവായിരുന്ന പി.സി.ചാക്കോയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായ ഇന്നസെൻ്റ് 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ ബെന്നി ബഹ്നാനോട് പരാജയപ്പെട്ടു.

സിനിമയിൽ സജീവമായിരിക്കെയാണ് അർബുദം ഒരു വില്ലനായി അവതരിച്ചത്. പക്ഷെ ഇന്നച്ചൻ തളർന്നില്ല. ആത്മവിശ്വാസത്തോടെ നിറഞ്ഞ ചിരിയോടെ പൊരുതി. രോഗമുക്തിക്ക് പിന്നാലെ അര്‍ബുദ അവബോധരംഗത്തും ശ്രദ്ധേയനായി. ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’. എന്ന പേരിൽ അര്‍ബുദ അതിജീവനത്തെക്കുറിച്ച് പുസ്തകമെഴുതി ആ ചിരി സമൂഹത്തിലേക്ക് കൈമാറി.ഏത് പ്രതിസന്ധികളിലും ചിരിയെന്ന ആയുധമാണ് ഇന്നെസെൻ്റ് മുറുകപ്പിടിച്ചത്. മനുഷ്യരോടുള്ള പ്രതികരണങ്ങളിലും ഒരു പുഞ്ചിരിയുണ്ടാകും. അഞ്ച് പതിറ്റാണ്ടിന്റെ സിനിമ ജീവിതം അവസാനിപ്പിച്ച് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ വിടവാങ്ങിയപ്പോഴും മലയാളികളെ മനസിൽ നിറയെ ചിരിയോർമകളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com