
സിനിമ അഭിനേതാക്കളുടെ സംഘടനയായ AMMAയില്‍ വീണ്ടും കലഹം. താത്കാലിക ഭരണസമിതിയില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറിയെന്നും കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് നടന്‍ പുറത്തുപോയെന്നുമാണ് റിപ്പോര്‍ട്ട്. AMMAയുടെ തുടര്‍ന്നുള്ള പരിപാടികളില്‍ നിന്ന് ജഗദീഷ് വിട്ടുനില്‍ക്കുമെന്നും, സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ചോരുന്നതില്‍ തന്നെ കുറ്റപ്പെടുത്തുന്നതായി ജഗദീഷ് മുതിര്‍ന്ന താരങ്ങളെ അറിയിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്.
പിന്നാലെ ഈ വാര്‍ത്ത നിഷേധിച്ച് ജഗദീഷ് തന്നെ നേരിട്ട് രംഗത്തെത്തി. വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയത് പ്രതിഷേധമായിരുന്നില്ല. ഭരണസമിതി ഒന്നടങ്കം രാജിവെച്ചപ്പോള്‍ ഗ്രൂപ്പിന് പ്രസക്തി ഇല്ലാതായി. അപ്പോഴാണ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും, അഡ്ഹോക് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാല്‍ ഭാഗമാകുന്നത് ആലോചിക്കുമെന്നും ജഗദീഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടന സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ആദ്യം പ്രതികരിച്ച് വൈസ് പ്രസിഡന്‍റ് കൂടിയായിരുന്ന ജഗദീഷ് ആയിരുന്നു. വിഷയത്തില്‍ AMMAയുടെ പ്രതികരണം വൈകിയെന്ന് തുറന്ന് സമ്മതിച്ച ജഗദീഷ് ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദീഖിന്‍റെ നിലപാടിനെയും പരസ്യമായി എതിര്‍ത്തിരുന്നു.
ആര് ആരോപണം ഉന്നയിച്ചാലും പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമാണെന്നായിരുന്നു ജഗദീഷിൻ്റെ പ്രതികരണം. വേട്ടക്കാരൻ്റെ പേര് ഒഴിവാക്കാന്‍ ആരും പറഞ്ഞിട്ടില്ല. വേട്ടക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവരണമെന്നും ജഗദീഷ് പറഞ്ഞു. റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി സിനിമാ രംഗത്തെയാകെ കുറ്റം പറയുന്നതിനോട് യോജിപ്പില്ല. ഇത് സമൂഹത്തിൻ്റെയാകെ പ്രശ്നമാണ്. സമൂഹത്തിന്റെ ഭാഗമായ സിനിമാ മേഖലയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവരണമെന്നായിരുന്നു ജഗദീഷിന്‍റെ പ്രതികരണം.
റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ശരിയാണ്. ഒറ്റപ്പെട്ട സംഭവമായി മാറ്റിനിര്‍ത്താന്‍ കഴിയില്ല. കുറ്റക്കാരെ ശിക്ഷിക്കണം. പേജുകള്‍ ഒഴിവാക്കിയതില്‍ സര്‍ക്കാര്‍ മറുപടി പറയണം. വാതിലില്‍ മുട്ടിയെന്ന് പറയുമ്പോള്‍ ഏത് വാതിലിലെന്ന് ചോദിക്കേണ്ട ആവശ്യമില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.