വഞ്ചനക്കേസ്; മോഹന്‍ലാല്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും

നിർമാതാവും സംവിധായകനുമായ കെ.എ ദേവരാജന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായാണ് മോഹന്‍ലാല്‍ ഹാജരാകുന്നത്.
വഞ്ചനക്കേസ്; മോഹന്‍ലാല്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും
Published on
Updated on

പണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ നടൻ മോഹൻലാൽ ഇന്ന് ഹാജരായേക്കും. കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും മോഹന്‍ലാല്‍ ഹാജരാകുക. നിർമാതാവും സംവിധായകനുമായ കെ.എ ദേവരാജന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായാണ് മോഹന്‍ലാല്‍ ഹാജരാകുന്നത്.

ദേവരാജന്റെ സിനിമയ്ക്ക് വേണ്ടി മോഹൻലാലും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29-ന് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി. സ്വപ്നമാളിക എന്ന സിനിമയെ ചൊല്ലിയാണ് കേസ്. കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തേ നൽകിയ സ്വകാര്യ അന്യായം തള്ളിയതിനെതിരേ നൽകിയ അപ്പീലുമായി ബന്ധപ്പെട്ട നടപടികളാണ് നടക്കുന്നത്.

കെ.എ ദേവരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്നമാളിക. മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്തു എന്ന ഖ്യാതിയോടെ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമ വാരികയിൽ 'തര്‍പ്പണം' എന്ന പേരില്‍ മോഹൻലാൽ എഴുതിയ നോവലാണ് പിന്നീട് എസ് സുരേഷ് ബാബു ഒരുക്കിയ തിരക്കഥയില്‍ സ്വപ്നമാളിക എന്ന ചലച്ചിത്രമായി മാറിയത്. കരിമ്പില്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. സിനിമയുടെ ട്രെയ്ലർ പുറത്തു വന്നിരുന്നു എങ്കിലും സിനിമ റിലീസായില്ല. കഥാകൃത്തിന്‍റെയോ തിരക്കഥാകൃത്തിന്‍റെയോ അനുവാദമില്ലാതെ സംവിധായകന്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് ചിത്രം വെളിച്ചം കാണാതെപോയതിനുള്ള കാരണമായി പറയപ്പെടുന്നത്.

മോഹന്‍ലാലിനൊപ്പം വിദേശ താരം എലീന, ഷമ്മി തിലകന്‍, സുകുമാരി, ഊര്‍മ്മിള ഉണ്ണി, ഇന്നസെന്‍റ്, ബാബു നമ്പൂതിരി തുടങ്ങിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാജാമണിയും ജയ് കിഷനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ യേശുദാസും ചിത്രയും ജി വേണുഗോപാലും ഉൾപ്പെടെയുള്ളവർ ആയിരുന്നു ഗായകര്‍. 2008 ല്‍ സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com