ടി.പി. മാധവന്‍ ഇനി ഓര്‍മകളുടെ അഭ്രപാളിയില്‍; സംസ്കാരം സര്‍ക്കാര്‍ ബഹുമതികളോടെ

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ കൊല്ലത്തായിരുന്നു അന്ത്യം.
ടി.പി. മാധവന്‍ ഇനി ഓര്‍മകളുടെ അഭ്രപാളിയില്‍; സംസ്കാരം സര്‍ക്കാര്‍ ബഹുമതികളോടെ
Published on

നടനും നിര്‍മാതാവുമായ ടി.പി. മാധവന് വിട നല്‍കി സാംസ്കാരിക കേരളം. പത്തനാപുരം ഗാന്ധിഭവനിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തെത്തിച്ച മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ കൊല്ലത്തായിരുന്നു അന്ത്യം.

തൈക്കാട് ഭാരത് ഭവനിൽ സർക്കാരിനായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അന്തിമോപചാരമർപ്പിച്ചു. ടി.പി മാധവന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് തീരാ നഷ്ടമാണെന്നും ചലച്ചിത്ര പ്രവർത്തകരുടെ പ്രശ്നങ്ങൾ സർക്കാരിൻറെ മുന്നിലെത്തിക്കാൻ അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.

നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, നടന്മാരായ ടിനി ടോം, ബൈജു സന്തോഷ്, ജയൻ ചേർത്തല തുടങ്ങി സിനിമാ, സാംസ്കാരിക മേഖലയിലെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തി. മകന്‍ രാജാകൃഷ്ണനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.

ALSO READ : ആദ്യം മാധ്യമ പ്രവർത്തകൻ, നാടക നടനായെത്തി പിന്നീട് സിനിമയിലേക്ക്; ടി.പി. മാധവനെ തളർത്തിയത് അനാഥത്വം!

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് ടി.പി മാധവന്‍റെത്. അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം താരസംഘടനയായ A.M.M.A എയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു. 1975ൽ നടൻ മധു സംവിധാനം ചെയ്ത 'കാമം ക്രോധം മോഹം' എന്ന ചിത്രത്തിലൂടെയാണ് ടി.പി. മാധവൻ മലയാള സിനിമയിൽ തുടക്കമിടുന്നത്. രാഗം, മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത തുടങ്ങിയവ അദ്ദേഹത്തിൻ്റെ ആദ്യകാലത്തെ ശ്രദ്ധേയ ചിത്രങ്ങളാണ്. 2015 ല്‍ ഹരിദ്വാര്‍ യാത്രക്കിടെ കുഴഞ്ഞുവീണതിന് ശേഷമുള്ള കാലം പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ടി.പി. മാധവന്‍ കഴിച്ചുകൂട്ടിയത്. മറവിരോഗം ബാധിച്ചതോടെ സിനിമ അഭിനയം പൂര്‍ണമായും ഉപേക്ഷിച്ചു. കുടുംബ ബന്ധത്തിലെ താളപിഴകള്‍ അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തിലുടനീളം നിഴലിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com