
ബലാത്സംഗ കേസിൽ സുപ്രീംകോടതിയുടെ ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം നടൻ സിദ്ദീഖ് കൊച്ചിയിലെത്തി. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താനാണ് സിദ്ദീഖ് കൊച്ചിയിലെത്തിയത്. കൊച്ചി കച്ചേരിപ്പടിയിലുള്ള അഭിഭാഷകന്റെ വസതിയിൽ ആണ് ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടന്നത്. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകനുമായാണ് സിദ്ദീഖ് കൂടിക്കാഴ്ച നടത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിലായിരുന്ന നടൻ സുപ്രീംകോടതി ജാമ്യം നൽകിയതോടെ ഇത് ആദ്യമായാണ് പൊതുമധ്യത്തിൽ എത്തുന്നത്.
ALSO READ: സിദ്ദീഖിന് ലഭിച്ചത് ഇടക്കാല മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം; സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് പുറത്ത്
അതേസമയം, ബലാത്സംഗ കേസിൽ സുപ്രീംകോടതിയിൽ നിന്നും ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതോടെ നടൻ സിദ്ദീഖിനെതിരെയുള്ള തുടർ നടപടിയിൽ അന്വേഷണ ഉദ്യോഗസ്ഥർ നിയമോപദേശം തേടിയിരുന്നു. ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയില്ലങ്കിൽ സ്വമേധയാ ഹാജരാകാനാണ് സിദ്ദീഖിൻ്റെ തീരുമാനം. എന്നാൽ സിദ്ദീഖിനെ അറസ്റ്റ് ചെയ്താലും വിട്ടയക്കേണ്ടിവരും.
അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദേശിച്ചാണ് ഇടക്കാല മുൻകൂർ ജാമ്യം സുപ്രീം കോടതി അനുവദിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ സിദ്ദീഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ തയാറാണ്. ചോദ്യം ചെയ്യലിനെത്താൻ അന്വേഷണ സംഘം നോട്ടീസ് നൽകിയാൽ അതിനനുസരിച്ച് സിദ്ദീഖ് ഹാജരാകും. മറിച്ചാണെങ്കിൽ സ്വമേധയാ അന്വേഷണ ഉദ്യോഗസ്ഥനെ സമീപിക്കാനാണ് സിദ്ദീഖിൻ്റെ തീരുമാനം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ വിചാരണ കോടതി നിർദേശിക്കുന്ന ഉപാധികളോടെ സിദ്ദീഖിനെ വിട്ടയക്കണം.
രണ്ടാഴ്ചക്ക് ശേഷം സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുമ്പോൾ അന്വേഷണ പുരോഗതി അറിയിക്കേണ്ടിവരും. ഒരിക്കൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചാൽ പിന്നീട് അറസ്റ്റ് ചെയ്യാനാവില്ല. അതിനാൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചാലും അറസ്റ്റ് ചെയ്യാതെ വിട്ടയക്കണമോയെന്ന കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആശയകുഴപ്പമുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ അഭിഭാഷകരോട് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.