സിദ്ദീഖ് കൊടും ക്രിമിനല്‍; ശാരീരികമായി പീഡിപ്പിച്ചു: ആരോപണവുമായി നടി രേവതി സമ്പത്ത്

"ഒരു സിനിമ പ്രൊജക്ട് ഉണ്ടെന്നും സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. സംഭവത്തിന് ശേഷം അയാള്‍ ഉളുപ്പ് ഇല്ലാതെ ഭക്ഷണം കഴിച്ചു"
സിദ്ദീഖ് കൊടും ക്രിമിനല്‍; ശാരീരികമായി പീഡിപ്പിച്ചു: ആരോപണവുമായി നടി രേവതി സമ്പത്ത്
Published on

AMMA ജനറല്‍ സെക്രട്ടറി സിദ്ദീഖിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി രേവതി സമ്പത്ത്. സിദ്ദീഖ് ശാരീരികമായി പീഡിപ്പിച്ചുവെന്നും വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്നുമാണ് രേവതി സമ്പത്തിന്റെ വെളിപ്പെടുത്തല്‍.

പീഡനത്തെ കുറിച്ച് പുറത്തു പറയാന്‍ പോലും സമയമെടുത്തു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമാ മേഖലയിലേക്ക് എത്തിയത്. പ്ലസ് ടു കഴിഞ്ഞ സമയത്താണ് അയാള്‍ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രൊജക്ട് ഉണ്ടെന്നും സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. സംഭവത്തിന് ശേഷം അയാള്‍ ഉളുപ്പ് ഇല്ലാതെ ഭക്ഷണം കഴിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളെ ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ധീഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ അല്ലേയെന്നും രേവതി സമ്പത്ത് ചോദിച്ചു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. ഇനി നിയമനടപടി എന്നല്ല, ഒന്നിനുമില്ല. അത്രത്തോളം ജീവിതത്തില്‍ അനുഭവിച്ചെന്നും രേവതി. സിദ്ദീഖ് കൊടും ക്രിമിനലാണ്. അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത് പച്ചക്കള്ളമാണ്. സമ്മതമില്ലാതെ തന്റെ ദേഹത്ത് സ്പര്‍ശിച്ചു.

തനിക്ക് മാത്രമല്ല, സുഹൃത്തുക്കള്‍ക്കും സിദ്ദീഖിന്റെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഉന്നതരായ പലരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പങ്കുവെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ട്. റിപ്പോര്‍ട്ടില്‍ ഇനിയെന്ത് തുടര്‍നടപടി എന്നതാണ് കാര്യം. സര്‍ക്കാര്‍ ഈ വിഷയത്തിന് പ്രാധാന്യം നല്‍കണമെന്നും രേവതി ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com