
സിനിമാ പാരമ്പര്യമോ കൈപിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഇല്ലാതിരുന്നിട്ടും, മലയാള സിനിമയിൽ സ്വന്തമായൊരിടം നേടിയെടുത്ത താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി, ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും കസറി നായകനായി, സൂപ്പർ താരപദവിലേക്കെത്തുന്ന ടോവിനോയ്ക്ക് ഇന്ന് 35-ാം പിറന്നാൾ ആഘോഷം.
സ്വപ്നം കണ്ട ജീവിതമാണ് ഞാനിന്ന് ജീവിക്കുന്നത്....
മലയാളികളുടെ പ്രിയ നടൻ ടൊവിനോ തോമസ് ഇങ്ങനെ പറയുമ്പോൾ, അത് സ്വപ്നം കാണുന്ന വലിയൊരു സമൂഹത്തിന് പ്രചോദനവും ധൈര്യവുമാണ്. ടൊവിനോയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, യാതൊരു സിനിമാ പാരമ്പര്യമില്ലാതെ, വേദികളിൽ പോലും അഭിനയിച്ച് പരിചയമില്ലാതെ, സിനിമ എന്ന സ്വപ്നം മാത്രം കണ്ട്, ഇരിങ്ങാലക്കുടയിൽ തെണ്ടിത്തിരിഞ്ഞു നടന്ന ഒരു പയ്യൻ്റെ ഉച്ചഭ്രാന്ത്.
ഇന്ന് സൂപ്പർ താരമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമ്പോൾ, ആ പറഞ്ഞത് ഒട്ടും അതിശയോക്തി ഇല്ലെന്ന് കാലം തെളിയിക്കുന്നു. സിനിമ എന്ന അഭിനിവേശത്തോടുള്ള ആ ചെറുപ്പക്കാരൻ്റെ അതിയായ പ്രയത്നമായിരുന്നു ആ ഉച്ച ഭ്രാന്ത്... അയാൾ അതിനെ ഏറ്റവും ആത്മാർത്ഥതയോടെ വിശ്വസിച്ചു, പ്രണയിച്ചു.
ആരെയും മയക്കുന്ന ചിരിയോടെയാണ് ടൊവിനോയെ മലയാളികൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്. സിനിമ മേഖലയിൽ ഒരു വ്യാഴവട്ടക്കാലം പിന്നിടുമ്പോൾ, കടന്നു വന്ന പാതകൾ അത്രത്തോളം എളുപ്പമായിരുന്നില്ല ടൊവിനോയ്ക്ക്. അഭിഭാഷകനായ ഇല്ലിക്കല്‍ തോമസിൻ്റെയും ഷീലയുടെയും മകൻ വെളളിയാഴ്ചകളില്‍ അച്ഛന്‍ കൊണ്ടുവരുന്ന കാസറ്റുകളിലും ഞായറാഴ്ച ദൂരദര്‍ശനിലെ സിനിമകളും കണ്ടാണ് വളർന്നത്. പ്ലസ് ടുവിനു പഠിക്കുമ്പോൾ, സുഹൃത്തുക്കൾക്കൊപ്പം സ്കൂളിൽ നാടകം കളിച്ച് കൂവൽ കേട്ട് പാതി വഴിയിൽ സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ടൊവിയാണ്, മലയാളത്തിലെ ഏറ്റവും വിലയേറിയ നായകനിലൊരാളായി കാലങ്ങൾക്കിപ്പുറം നിൽക്കുന്നത്.
എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നിടത്തു നിന്നുമാണ് സിനിമ എന്ന സ്വപ്നത്തിനായി ടൊവി ഇറങ്ങിത്തിരിക്കുന്നത്. ഒരു സിനിമയില്‍ വേഷം ഉറപ്പായപ്പോഴാണ് ജോലി രാജിവെക്കുന്നത്. ഓഫര്‍ ചെയ്ത വേഷം കൈവിട്ടു പോയിയപ്പോൾ, തോൽക്കാൻ മനസില്ലായിരുന്നു, ആത്മധൈര്യം കൈവിടാതെ ഷോർട് ഫിലിമുകളിൽ അഭിനയിച്ചു തുടങ്ങി. ഒരുപാട് സിനിമകളുടെ ഓഡീഷനുകളിൽ പങ്കെടുത്തു.
മലയാള സിനിമയ്ക്ക് പറ്റിയ മുഖമല്ലെന്ന് പറഞ്ഞ് പലരും ഒഴിവാക്കി. ആൾക്കൂട്ടത്തിൽ ജാഥയ്ക്ക് കൊടി പിടിക്കുന്ന ജൂനിയര്‍ ആര്‍ട്ടായി. പരിഹാസവാക്കുകളും മടുപ്പിക്കുന്ന കമൻ്റുകളും നേരിട്ടു. പക്ഷേ, പരീക്ഷണങ്ങളൊക്കെ നേരിട്ട് പ്രഭുവിൻ്റെ മക്കള്‍ എന്ന സിനിമയില്‍ ചെഗുവേര സുരേന്ദ്രന്‍ എന്ന റോളിലൂടെ ടൊവിനോ തൻ്റെ സ്വപ്നത്തിലേക്ക് നടന്നത്തു. തീവ്രം സിനിമയില്‍ സംവിധാന സഹായിയായി ജോലി ചെയ്യുമ്പോൾ, സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ടുമായി പരിചയപ്പെടുന്നത് വഴിത്തിരിവായി. ദുല്‍ഖറിനെ നായകനാക്കി മാർട്ടിൽ ഒരുക്കിയ എബിസിഡിയിലെ രാഷ്ട്രീയക്കാരനായ അഖിലേഷ് വര്‍മ്മ എന്ന റോളിലൂടെ ടൊവിനോ തൻ്റെ സിനിമാ ലോകത്ത് തൻ്റെ വരവ് അറിയിച്ചു.
സെവന്‍ത് ഡേയിലെ സൗഹൃദമാണ് എന്ന് സ്വന്തം മൊയ്തീനിലേക്ക് ടൊവിയെ റെക്കമന്‍ഡ് ചെയ്യാൻ പൃഥ്വിരാജിനെ പ്രേരിപ്പിക്കുന്നത്. മൊയ്തീനിലെ അപ്പു, ഗപ്പിയിലെ തേജസ് വര്‍ക്കി, ഒരു മെക്‌സിക്കന്‍ അപാരതയിലെ പോള്‍... നായകനായുള്ള ടൊവിയുടെ വളർച്ചയായിരുന്നു അതൊക്കെയും. ഗോദയിലൂടെ താരമൂല്യമുളള നടനിലേക്ക്. മായാനദിയിലെ മാത്തനിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക്. പക്വവും മിതത്വവു ഭംഗിയുളളതുമായ അനായാസമായ അഭിനയം, തനിക്കു മുന്നേ വന്നവരേക്കാൾ താരമൂല്യത്തിലേക്കും പ്രേക്ഷക സ്വീകാര്യതയിലേക്കും ടൊവിയെ വളർത്തി. എന്നാല്‍ ടൊവിനോയെ സൂപ്പര്‍താരമാക്കിയത് സൂപ്പര്‍ഹീറോ മൂവി മിന്നല്‍ മുരളിയാണ്. പിന്നാലെ 2018, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളിലൂടെ കാലം കരുതി വച്ച വലിയ വിജയങ്ങൾ
പാരമ്പര്യ വഴികളുടെ പിന്‍ബലവുമില്ലാതെ സ്വന്തം കഴിവുകൊണ്ട് പൊരുതിക്കയറി വന്ന നടൻ, എന്നും പച്ചയായ മനുഷ്യനായാണ് പ്രേക്ഷകരുമായി സംവദിച്ചത്. പ്രളയം ദുരന്തം നേരിട്ടപ്പോൾ, ഒരു ബര്‍മുഡയും ധരിച്ച്, ചാക്കുകെട്ടുകള്‍ സ്വന്തം തലയില്‍ ചുമന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ ടൊവിനോയെ ഒരിക്കലും മലയാളികൾക്ക് മറക്കാനാവില്ല. തനിക്ക് ശരിയെന്ന് തോന്നുന്നത് തൻ്റേടത്തോടെ വിളിച്ചു പറഞ്ഞപ്പോൾ പിന്തുടർന്ന വിവാദങ്ങളോട്, ടൊവി ഉറക്കെപ്പറഞ്ഞത് ഇങ്ങനെയാണ്... ഞാന്‍ പറഞ്ഞതിനേ എനിക്ക് ഉത്തരവാദിത്തമുളളു. നിങ്ങള്‍ കേട്ടതിന് എനിക്കില്ല.
സിനിമയിൽ 12 വർഷം പൂർത്തിയാക്കിയപ്പോൾ നാളുകൾക്ക് മുമ്പ് ടൊവിനോ തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ച നന്ദി വാചകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്, വരൂ... നമുക്കൊരുമിച്ച് ഒരുപാട് ഗംഭീര കഥകൾ പറയാം! അതേ, ആ കഥകൾ വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇന്ന് ഓരോ മലയാളികളും...
പിറന്നാൾ ആശംസകൾ പ്രിയ ടൊവിനോ തോമസ്.