മൊഴി പുറത്തുപോകുമോയെന്ന് ആശങ്ക; എസ്ഐടിക്ക് പരാതി നല്‍കാന്‍ മടിച്ച് ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവർ

ഇരുപതോളം സാക്ഷികൾ ഹേമ കമ്മിറ്റിക്ക് മുൻപിൽ നൽകിയ മൊഴികൾ അതീവ ഗൗരവമുള്ളവയാണെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം വിലയിരുത്തിയത്.
മൊഴി പുറത്തുപോകുമോയെന്ന് ആശങ്ക; എസ്ഐടിക്ക് പരാതി നല്‍കാന്‍ മടിച്ച്  ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവർ
Published on



ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം പ്രതിസന്ധിയില്‍. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവര്‍ പൊലീസിന് പരാതി നല്‍കാന്‍ തയാറാകാത്തതാണ് എസ്ഐടിക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അതീവ ഗൗരവമുള്ള മൊഴി നൽകിയവരിൽ ചിലരെ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടപ്പോഴായിരുന്നു ഈ അവസ്ഥ. ഇതിനിടെ ഹേമ കമ്മിറ്റി അംഗങ്ങളുടെ മൊഴിയെടുക്കുന്നതിൽ ക്രൈംബ്രാഞ്ച് മേധാവി നിയമോപദേശം തേടി.

വിവരാവകാശ പരിധിയിൽ വരാത്ത റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒരു മാധ്യമം പുറത്തുവിട്ട വിവരം ഉൾപ്പെടെ ചൂണ്ടി കാട്ടിയായിരുന്നു ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവര്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചത്. അന്വേഷണ സംഘത്തിന് നൽകിയ മൊഴി പുറത്തുപോകില്ല എന്നതിൽ എന്ത് ഉറപ്പ് നൽകാൻ സാധിക്കുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക. അതിനാൽ പരാതി നൽകാനോ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴികൾ ആവർത്തിക്കാനോ ഇവർ തയ്യാറായില്ല. ഇരുപതോളം സാക്ഷികൾ ഹേമ കമ്മിറ്റിക്ക് മുൻപിൽ നൽകിയ മൊഴികൾ അതീവ ഗൗരവമുള്ളവയാണെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം വിലയിരുത്തിയത്.

ആദ്യഘട്ടത്തിൽ ഇവരെ നേരിട്ട് ബന്ധപ്പെടാനും ഇവർക്ക് പരാതികളുണ്ടെങ്കിൽ കേസെടുത്ത് മുന്നോട്ടുപോകാനുമായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതെ തുടർന്നാണ് അതീവ ഗൗരവസ്വഭാവമുള്ള മൊഴികൾ നൽകിയ ചില സാക്ഷികളെ അന്വേഷണസംഘം ബന്ധപ്പെട്ടത്. അവർ അന്വേഷണവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ആരോപണങ്ങളിൽ കേസ് എടുക്കാനുള്ള നീക്കത്തിൽ നിന്ന് സംഘം പിൻമാറി.

വരും ദിവസങ്ങളിൽ മറ്റുള്ളവരെ കൂടി ബന്ധപ്പെട്ട് കേസെടുക്കാൻ കഴിയുമോ എന്നത് അന്വേഷണ സംഘം പരി ശോധിക്കും . ഇതിനിടെ റിപ്പോർട്ടിലെ തുടർനടപടികൾ ചർച്ച ചെയ്യാനായി അന്വേഷണസംഘം ഇന്ന് വീണ്ടും യോഗം ചേർന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപത്തിൽ രേഖപ്പെടുത്തിയ ചില മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ചില മൊഴികൾ നൽകിയ സാക്ഷികളുടെ പേരുകളോ അതിൽ ആരോപണ വിധേയരായ വ്യക്തികളുടെ പേരുകളോ രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ വ്യക്തത വരുത്താൻ ഹേമ കമ്മിറ്റി അംഗങ്ങളുടെ മൊഴി രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. നിയമപ്രശ്നം ഉണ്ടോ എന്നറിയാന്‍ അന്വേഷണസംഘ തലവനായ ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് നിയമോപദേശം തേടിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com