നടിയെ ആക്രമിച്ച കേസ് ; പ്രതികളുടെ ഭാഗം കേള്‍ക്കല്‍ നടപടി ആരംഭിച്ചു

സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് ; പ്രതികളുടെ ഭാഗം കേള്‍ക്കല്‍ നടപടി ആരംഭിച്ചു
Published on



നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ഭാഗം കേള്‍ക്കല്‍ നടപടി ആരംഭിച്ചു. സി ആര്‍ പി സി 313 പ്രകാരമുള്ള നടപടിയാണ് ആരംഭിച്ചത്. സാക്ഷിമൊഴികളും തെളിവുകളും സംബന്ധിച്ച പ്രതികളുടെ ഭാഗം കോടതി കേള്‍ക്കും. പള്‍സര്‍ സുനിക്ക് പറയാനുള്ള കാര്യങ്ങളാണ് ഇന്ന് കോടതി പരിഗണിച്ചത്. അതേസമയം സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും.

കേസില്‍ സാക്ഷി വിസ്താരം കഴിഞ്ഞ ആഴ്ചയിലാണ് പൂര്‍ത്തീകരിച്ചത്. 216 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരുടെ സാക്ഷി വിസ്താരം കഴിഞ്ഞ ശേഷം ബാക്കി നടപടിക്രമങ്ങള്‍ക്കായി നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരായത്. ഒന്നാം പ്രതി പള്‍സര്‍ സുനിയും മാര്‍ട്ടിനുമടക്കം 13 പ്രതികളില്‍ 12 പേരാണ് ഇന്ന് ഹാജരായത്. എന്നാല്‍, ആറാം പ്രതി ഹാജരായിരുന്നില്ല.



അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചിരുന്നു. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഏഴര വര്‍ഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടി ക്രൂരമായി പീഡനത്തിന് ഇരയാവുകയായിരുന്നു. സിനിമാ ലൊക്കേഷനില്‍ നിന്നും മടങ്ങുകയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com