
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം തള്ളി വിചാരണ കോടതി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യമാണ് തള്ളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് നടിയുടെ ഹർജി തള്ളിയത്.
വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പുറത്തു പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരണം. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിലെ വാദം അവസാനിപ്പിക്കണം. ഇതിൻ്റെ യഥാർഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമവാദം നടത്തണമെന്നുമായിരുന്നു നടിയുടെ ആവശ്യം. കേസിൽ അന്തിമവാദം ആരംഭിച്ചതിനു പിന്നാലെയാണ് നിർണായക നീക്കവുമായി അതിജീവിത എത്തിയത്.
അതേസമയം, കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജിയും അതിജീവിത നൽകിയിരുന്നു. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെ വിചാരണക്കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് തെളിഞ്ഞിട്ടും നടപടിയില്ലെന്ന് കാട്ടി അതിജീവിത രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.