നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ആരംഭിച്ചു; വിധി ജനുവരിയോടെ ഉണ്ടായേക്കുമെന്ന് സൂചന

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഇപ്പോഴത്തെ നിലയിൽ നടിയെ ആക്രമിച്ച കേസിന്‍റെ വിധി ജനുവരിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ആരംഭിച്ചു; വിധി ജനുവരിയോടെ ഉണ്ടായേക്കുമെന്ന് സൂചന
Published on


നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം വിചാരണ കോടതിയിൽ ആരംഭിച്ചു. അന്തിമ വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിന്‍റെ സാക്ഷിവിസ്താരം ഒരുമാസം മുൻപ് പൂർത്തിയായിരുന്നു. ഇപ്പോഴത്തെ നിലയിൽ നടിയെ ആക്രമിച്ച കേസിന്‍റെ വിധി ജനുവരിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്.


സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നൽകും. പ്രതിയായ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.



അതേസമയം, കേസിൽ നിർണായക തെളിവായ തന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നു പരിശോധിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ദിലീപടക്കമുളള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയിരിക്കുന്നത്.

തന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ‍് അനധികൃതമായി തുറന്നു പരിശോധിച്ചതായി ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായതാണ്. വിചാരണ കോടതിയുടെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെയും പരിഗണനയിലിരിക്കെ ഇത് തുറന്നെന്നാണ് കോടതി തന്നെ കണ്ടെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com