സര്‍ക്കാരിന്റെ തടസവാദങ്ങള്‍ ഏറ്റില്ല; നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവ്
സര്‍ക്കാരിന്റെ തടസവാദങ്ങള്‍ ഏറ്റില്ല; നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
Published on


നടിയെ ആക്രമിച്ച കേസിൽ കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം. വിചാരണ നീണ്ടുപോകുന്നസാഹചര്യത്തിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടാനും വിദേശത്തേക്ക് കടന്നുകളയാനും സാധ്യതയുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ തടസവാദങ്ങള്‍ തള്ളിയാണ് സുപ്രീം കോടതിയുടെ നടപടി. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. കേസില്‍ ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിൽ 2017 ഫെബ്രുവരി 23 മുതൽ ജയിലില്‍ കഴിയുന്ന സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടമായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. ഇതോടെ, മൂന്നാം തവണയാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തവണ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് സുനിക്ക് ഹൈക്കോടതി വിധിച്ച 25000 രൂപ പിഴയും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

കേസിൽ നീതിപൂർവമായ വിചാരണ നടക്കുന്നില്ലെന്ന വാദമാണ് സുനി സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനാണെന്നും സുനി കോടതിയെ അറിയിച്ചു. ഇതോടെ, ഏഴര വര്‍ഷം കഴിഞ്ഞിട്ടും വിചാരണ നീണ്ടുപോകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഇങ്ങനെ പോയാല്‍ കേസ് എപ്പോഴാണ് തീരുക? കേസിലെ മറ്റൊരു പ്രതിയായ ദിലീപിന് ക്രോസ് വിസ്താരത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നു എന്നതുള്‍പ്പെടെ കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. 

READ MORE: നടിയെ ആക്രമിച്ച കേസ്: ദിലീപ് അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയുന്നു: സുപ്രീം കോടതിയില്‍ കേരളം

സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും വിചാരണ അട്ടിമറിക്കാനായി ആക്രമണ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങി പൾസർ സുനി മുങ്ങാൻ സാധ്യതയുണ്ടെന്നും കേരളം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ കേസിലെ മുഖ്യ സൂത്രധാരനായ ദിലീപ് ശ്രമിക്കുന്നതായും സർക്കാർ വാദിച്ചിരുന്നു. വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു. 

READ MORE: "കേസിൻ്റെ വിചാരണ അനന്തമായി നീളുന്നു"; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ

2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. ഇത് ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com