കുറ്റവാളികളെ ശിക്ഷികുന്നതിന് എതിരല്ല; സുപ്രീംകോടതിയിലെ ഹർജി ഡബ്ല്യുസിസിയുടെ നീക്കങ്ങളെ തടസപ്പെടുത്തില്ലെന്ന് മാലാ പാർവതി

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം
കുറ്റവാളികളെ ശിക്ഷികുന്നതിന് എതിരല്ല; സുപ്രീംകോടതിയിലെ ഹർജി ഡബ്ല്യുസിസിയുടെ നീക്കങ്ങളെ തടസപ്പെടുത്തില്ലെന്ന് മാലാ പാർവതി
Published on


ഹേമ കമ്മിറ്റി മൊഴിയിൽ കേസെടുക്കുന്നതിനെതിരായ തടസഹർജി വിമൻ ഇൻ സിനിമാ കളക്ടീവിന് എതിരല്ലെന്ന് നടി മാലാ പാർവതി. ഹർജി കേസുമായി മുന്നോട്ടുപോകുന്നവർക്ക് തടസമാകില്ല. ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയത് കേസ് കൊടുത്ത് കുറ്റക്കാരെ കാട്ടിക്കൊടുക്കാൻ അല്ലെന്നും മാലാ പാർവതി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം. 'ചില കാര്യങ്ങളിലെ വിശദീകരണങ്ങൾ!' എന്ന തലക്കെട്ടിൽ വിശദമായ കുറിപ്പാണ് നടി പങ്കുവച്ചത്.

കുറ്റവാളികളെ ശിക്ഷികുന്നതിന് താൻ എതിരല്ല. സുപ്രീംകോടതിയിലെ തന്റെ ഹർജി ഡബ്ല്യുസിസിയുടെ നീക്കങ്ങളെ തടസപെടുത്തുന്നതല്ല. ശക്തരായ പെൺകുട്ടികൾ ഡബ്ല്യുസിസിയിൽ ഉണ്ട്. അവർക്ക് കേസുമായി മുന്നോട്ടുപോകാൻ ആകുമെന്നും മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചു.

പേരോ വിവരമോ പുറത്ത് പോകില്ല എന്ന ആവർത്തിച്ചുള്ള ഉറപ്പിൻ്റെയും, വിശ്വസിപ്പിക്കലിൻ്റെയും അടിസ്ഥാനത്തിൽ വിശദമായി തന്നെ, കമ്മിറ്റിയിൽ സംസാരിച്ചിരുന്നു. അവരെ മൂന്ന് പേരെയും വിശ്വസിച്ചാണ് ഇത്രയും വിശദമായി സംസാരിച്ചത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇത് നാളെ, കേസാകേണ്ട രേഖയാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ തരത്തിൽ അല്ല താൻ സംസാരിക്കുക എന്നും മാലാ പാർവതി പറഞ്ഞു.


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ, പോക്സോ കേസ് അടക്കം അതിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും , അതിൽ കേസ് എടുക്കേണ്ടതുണ്ടെന്നതും ചർച്ചയായി. പോക്‌സോ പോലെ ഗുരുതരമായ കേസുകൾ, സർക്കാരിൻ്റെയോ, കോടതിയുടെയോ മുന്നിൽ എത്തിയാൽ അവർക്ക് കേസ് ആക്കിയേ പറ്റു.

പക്ഷേ മറ്റ് വിഷയങ്ങളിൽ, സിനിമ മേഖലയിലെ പ്രശ്നങ്ങൾ വിശദീകരിച്ചവർക്ക് കേസുമായി മുന്നോട്ട് പോകാൻ താല്പര്യമുള്ളവർക്ക് കേസാക്കാനും, താല്പര്യമില്ലാത്തവർക്ക് , അതിൽ നിന്ന് ഒഴിവാകനുള്ള അനുമതിയും വേണം. പ്രത്യേക അന്വേഷണ സംഘം സമീപിച്ചപ്പോൾ കേസ് ആക്കാനോ, കേസുമായി മുന്നോട്ട് പോകാനോ താല്പര്യമില്ല എന്ന് പറഞ്ഞിരുന്നുവെന്നും താല്പര്യമില്ലെങ്കിൽ, കേസ് എടുക്കില്ല എന്ന മറുപടിയും ലഭിച്ചിരുന്നുവെന്നും നടി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com