നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീർ ആദ്യമായി നായകനായി എത്തിയ 'മരുമകൾ' എന്ന സിനിമയിലെ നായികയായിരുന്നു
നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു
Published on

നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു. 96 വയസായിരുന്നു.  അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പാറശ്ശാല സരസ്വതി ആശുപത്രിയിലായിരുന്നു അന്ത്യം. പ്രേം നസീർ ആദ്യമായി നായകനായി എത്തിയ 'മരുമകൾ' എന്ന സിനിമയിലെ നായികയായിരുന്നു. 1955 ൽ പുറത്ത് വന്ന 'ന്യൂസ്പേപ്പർ ബോയ്' ആയിരുന്നു ശ്രദ്ധേയമായ ചിത്രം. വനമാലയാണ് ആദ്യ സിനിമ.  അഞ്ച് സിനിമകളിലാണ് ആകെ അഭിനയിച്ചത്. ആത്മശാന്തി, സന്ദേഹി എന്നിവയാണ് മറ്റു ചിത്രങ്ങൾ.


ചുരുക്കം സിനിമകളിൽ നിന്നുതന്നെ അറിയപ്പെടുന്ന അഭിനേത്രിയായി മാറിയിരുന്നെങ്കിലും സമൂഹത്തില്‍ നിന്നും, സ്വന്തം ബന്ധുക്കളില്‍ നിന്നും ഉണ്ടായ കടുത്ത എതിര്‍പ്പുകളെ തുടർന്ന് തന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ അഭിനയരംഗത്തോട് കോമളത്തിന് വിടപറയേണ്ടി വന്നു.വളരെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അഭിനയ രംഗത്തെത്തിയെങ്കിലും രണ്ടാം വരവില്‍ കിട്ടിയതെല്ലാം അപ്രധാനവേഷങ്ങളായിരുന്നു. ‘ആരാധന’, ‘ആ പെണ്‍കുട്ടി നീ ആയിരുന്നെങ്കില്‍’, ‘പ്രിയം’ തുടങ്ങിയ ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.


നെയ്യാറ്റിൻ‌കരയിൽ പങ്കജാക്ഷ‌മേനോന്‍റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു കോമളം. അച്ഛൻ പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനും അമ്മ അധ്യാപികയുമായിരുന്നു. കോമളത്തിന് അഞ്ചു വയസ്സാസ്സുള്ളപ്പോൾ അച്ഛൻ മരണപ്പെട്ടു. പിന്നീട് ,അമ്മാവന്മാരുടെ സംരക്ഷണയിലായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്.


പഠിക്കാന്‍ മിടുക്കിയായിരുന്ന കോമളം നെയ്യാറ്റിൻ‌കര സെന്‍റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്‍റ് സ്കൂളിൽ നിന്ന് പത്താംക്ലാസ് പൂർത്തിയാക്കിയ സമയത്താണ് സിനിമാ തീയേറ്റർ മാനേജരായിരുന്ന സഹോദരി ഭർത്താവ് വഴി ‘നല്ല തങ്ക’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നത്. പക്ഷെ,  ബന്ധുക്കളിൽ നിന്നുള്ള എതിർപ്പുകൾ മൂലം ആ ക്ഷണം സ്വീകരിക്കുവാൻ കഴിഞ്ഞില്ല. താമസിയാതെ തന്നെ വീണ്ടും മലയാളത്തിലെ ആദ്യത്തെ വനചിത്രമായ 'വനമാല' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ക്ഷണം ലഭിച്ചപ്പോൾ എല്ലാ എതിർപ്പുകളെയും അവഗണിച്ച് അഭിനയിക്കുവാന്‍ തീരുമാനിച്ചു.


രണ്ടാമതായി അഭിനയിച്ച ചിത്രമാണ് 'ആത്മശാന്തി'. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു അതിൽ. അതോടെ നെയ്യാറ്റിൻ‌കര കോമളം എന്ന നടി ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ആദ്യനായികയായി 'മരുമകള്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോൾ പതിനാറു വയസ് മാത്രമായിരുന്നു കോമളത്തിന് പ്രായം. മരുമകൾക്കു ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ ‘സന്ദേഹം’ എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായി അഭിനയിച്ചു. തുടർന്ന് പി. രാം‌ദാസ് സംവിധാനം ചെയ്ത, ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന, ‘ന്യൂസ് പേപ്പർ ബോയ്‘ എന്ന ചിത്രത്തിലും കോമളം അഭിനയിച്ചു. പരേതനായ എം. ചന്ദ്രശേഖര മേനോൻ ആയിരുന്നു​ ​കോമളത്തിന്റെ ഭർത്താവ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com