
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ സ്വീകരിച്ച നിലപാടിനെതിരെ സാന്ദ്രാ തോമസ്. ഒരു വനിത പ്രൊഡ്യൂസര്‍ക്ക് ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ഹേമ കമ്മിറ്റി പഠനം നടത്തുമ്പോഴുള്ള പവര്‍ ഗ്രൂപ്പല്ല ഇന്നുള്ളത്. ആണ്‍ താരങ്ങളാണ് ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നത്. ഒരു വിഷയം ചോദ്യം ചെയ്താല്‍ പ്രശ്നക്കാരിയാണെന്ന് ചിത്രീകരിക്കാനാണ് നോക്കുന്നതെന്നും സാന്ദ്രാ തോമസ് ന്യൂസ് മലയാളം ക്രോസ്‌ഫയര്‍ അഭിമുഖത്തില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തളയ്ക്കപ്പെട്ട ആനയെപ്പോലെയാണ് ഇപ്പോള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ നന്നായി ഉപയോഗിക്കുന്നതിന് പകരം മിണ്ടാതിരിക്കാനാണ് നിര്‍മാതാക്കളുടെ സംഘടന ശ്രമിച്ചത്. അത് ശരിയായ നടപടിയായി തോന്നിയില്ല, കത്ത് നല്‍കിയിട്ടും അവഗണിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പ്രതികരണവും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കവും ഏകപക്ഷീയമായിരുന്നു.
ഹേമ കമ്മിറ്റി പഠനം നടത്തുന്ന കാലത്ത് ഉണ്ടായിരുന്ന പവര്‍ ഗ്രൂപ്പ് അല്ല ഇന്നുള്ളത്. അതില്‍ തന്നെ മാറ്റങ്ങള്‍ വന്നു. കുറച്ച് പേരുടെ കൈകളിലാണ് ഇന്ന് സിനിമ. എല്ലാ സംഘടനയിലുള്ളവരും പവര്‍ ഗ്രൂപ്പിലുണ്ട്. ഒരു കൂട്ടരെ പിണക്കിയാല്‍ അടുത്ത കൂട്ടം നമുക്കെതിരെ തിരിയും. ഒരു വനിത പ്രൊഡ്യൂസര്‍ക്ക് ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള പ്രിവിലേജ് പോലും നമുക്ക് ഇല്ല. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ആണ്‍ താരങ്ങളാണ് ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നത്. അവര്‍ നിലനില്‍ക്കുന്ന ഇന്‍ഡസ്ട്രിയെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലായിട്ടില്ല.
ഒരു സ്ത്രീയായത് കൊണ്ട് മാത്രം പ്രൊഡ്യൂസര്‍ ആയിരുന്നിട്ട് കൂടിയും മോശം അനുഭവം സെറ്റില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. സിനിമയിലെ സ്ത്രീകള്‍ക്ക് പരാതി പറയാന്‍ ശരിയായ ഇടമില്ല. ഐസി കമ്മിറ്റിയില്‍ പ്രൊഡ്യൂസറും വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. സിനിമയ്ക്ക് വിധേയപ്പെടാത്ത ആളുകളും ഇതില്‍ അംഗങ്ങളാകണം. ഒരു വിഷയം ചോദ്യം ചെയ്താല്‍ പ്രശ്നക്കാരിയാണെന്ന് ചിത്രീകരിക്കാനാണ് നോക്കുന്നത്. ഡബ്ല്യൂസിസി ഒരു മുഖമില്ലാത്ത സംഘടനയാണെന്നാണ് നിര്‍മാതാക്കളില്‍ ഒരു വിഭാഗം പറയുന്നത്. അവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. സിനിമ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലേക്ക് അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന സ്ത്രീകളെ മാത്രമാണ് ഇക്കൂട്ടര്‍ കൊണ്ടുവരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കേട്ട് ഇന്‍ഡസ്ട്രിയിലുള്ള പലര്‍ക്കും ഞെട്ടലുണ്ടായി കാണില്ല. പോക്സോ കേസ് ആരോപണങ്ങള്‍ മാത്രമാണ് ചിലരെ എങ്കിലും അസ്വസ്ഥരാക്കിയത്. ഇത്രയധികം സ്വാധീന ശേഷിയുള്ളവര്‍ നിലനില്‍ക്കുമ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവരുമെന്ന് വിശ്വസിക്കുന്നില്ലെന്നും സാന്ദ്രാ തോമസ് പറഞ്ഞു. തുടര്‍ അന്വേഷണം ഉണ്ടായാല്‍ സഹകരിക്കുമെന്നും സാന്ദ്ര പറഞ്ഞു.
സെറ്റില്‍ പുരുഷന്മാരുടെ സദസില്‍ ഉണ്ടാകുന്ന സഭ്യമല്ലാത്ത തമാശ കേള്‍ക്കുമ്പോള്‍ അവിടെ നിന്ന് മാറി ഇരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്, അതില്‍ നിന്ന് അവരെ വിലക്കാനോ 'എന്‍റെ സെറ്റില്‍ ഇത് പാടില്ല'എന്ന് പറയാനോ പറ്റിയിട്ടില്ല. കാരണം ഇതൊരു പുരുഷകേന്ദ്രീകൃത മേഖലയാണ്. ഇതൊക്കെ സ്ത്രീവിരുദ്ധമാണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതിനെ എതിര്‍ക്കാറുണ്ടെന്നും സാന്ദ്രാ തോമസ് പറഞ്ഞു.