
നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തെലങ്കാന മന്ത്രി കൊണ്ടാ സുരേഖയ്‌ക്കെതിരെ രൂക്ഷ വിമർശനമുമായി സാമന്ത റൂത്ത് പ്രഭു. സാമന്ത-നാഗചൈതന്യ ദമ്പതികളുടെ വിവാഹമോചനത്തില്‍ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.ടി. രാമറാവുവിന് പങ്കുണ്ടെന്നായിരുന്നു കൊണ്ടാ സുരേഖയുടെ വാദം. മന്ത്രിയുടെ പരാമർശം ഒരു സ്ത്രീ എന്ന നിലയിലുള്ള തൻ്റെ യാത്രയെ നിസാരവൽക്കരിക്കുന്നതാണെന്നും വ്യക്തികളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നുമായിരുന്നു സാമന്തയുടെ പ്രതികരണം.
"വിമാഹമോചനം എന്‍റെ വ്യക്തിപരമായ കാര്യമാണ്. ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. വ്യക്തതയ്ക്കായി: എൻ്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാർദ്ദപരവുമായിരുന്നു, അതില്‍ രാഷ്ട്രീയ ഗൂഢാലോചനകള്‍ ഉള്‍പ്പെട്ടിട്ടില്ല", നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പല നടിമാരും സിനിമ ഉപേക്ഷിച്ച് നേരത്തെ വിവാഹം കഴിക്കാൻ കാരണം മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിൻ്റെ മകൻ കെ.ടി. രാമറാവുവാണെന്നും സുരേഖ വിമർശിച്ചിരുന്നു. രാമറാവു സിനിമാ രംഗത്തെ പ്രമുഖരെ മയക്കുമരുന്നിന് അടിമകളാക്കിയ ശേഷം ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്നും സുരേഖ പറഞ്ഞു. സാമന്ത-നാഗചൈതന്യ വിവാഹ മോചനം സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവന വന്നതിനു പിന്നാലെ അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന രംഗത്തെത്തിയിരുന്നു.
2017ലായിരുന്നു നടി സാമാന്തയും നടൻ നാഗചൈതന്യയും തമ്മിലുള്ള വിവാഹം. 2021ലാണ് ഇരുവരും നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞത്. അടുത്തിടെയാണ് നാഗചൈത്യനയും നടി ശോഭിത ധുലീപാലയും വിവാഹിതരാകുന്നു എന്ന വിവരം നാഗാര്‍ജുന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.