
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എഎംഎംഎ ശക്തമായ നടപടി എടുക്കണമെന്ന് നടി ഉര്‍വശി. സ്ത്രീകളാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെങ്കിലും പുരുഷന്മാരെയും ബാധിക്കുന്നതാണെന്ന് ഉര്‍വശി മാധ്യമങ്ങളോട് പറഞ്ഞു. പഠിച്ചിട്ട് പറയാം എന്നൊന്നും പറയാതെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഉര്‍വശി ആവശ്യപ്പെട്ടു. പരാതി ഉള്ളവര്‍ രംഗത്തുവരണം. അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ഉര്‍വശി പറഞ്ഞു.
അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി ഉടന്‍ വിളിക്കണം. നിലപാട് വച്ച് നീട്ടാന്‍ പറ്റില്ലെന്നും പഠിച്ചത് മതിയെന്നും ഉര്‍വശി വ്യക്തമാക്കി. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണണം. എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് മിണ്ടാതിരിക്കാമെന്നല്ല. സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണ്. ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിപ്പോയെന്നും അവരെന്താകും അവരുടെ നാട്ടില്‍ പോയി പറഞ്ഞിട്ടുണ്ടാവുക എന്നും ഉര്‍വശി പറഞ്ഞു.
"സിദ്ദിഖ് സംസാരിച്ചത് പ്രസ് മീറ്റില്‍ പറഞ്ഞത് കേട്ടു. അങ്ങനെയൊന്നുമല്ല , ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്‍റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് അതില്‍ നടപടി വേണം. സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്. കതകിന് മുട്ടാന്‍ ഞാന്‍ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താല്‍ ദുരനുഭവം അവര്‍ക്ക് ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാം" - ഉര്‍വശി പറഞ്ഞു.