"പരാതി ചോർന്നത് വിശ്വാസ വഞ്ചന, നിയമ നടപടികളിലേക്ക് പോകുന്നില്ല"; ഐസിസിക്ക് മൊഴി നൽകി വിൻസി അലോഷ്യസ്

ഷൈൻ ടോം ചാക്കോയും വിൻസിയും ഒറ്റയ്ക്കും ഒരുമിച്ചിരുന്നുമാണ് ഇന്റെർണൽ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയത്
"പരാതി ചോർന്നത് വിശ്വാസ വഞ്ചന, നിയമ നടപടികളിലേക്ക് പോകുന്നില്ല"; ഐസിസിക്ക് മൊഴി നൽകി വിൻസി അലോഷ്യസ്
Published on

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ പരാതിയിൽ ഐസിസിക്ക് മൊഴി നൽകി നടി വിൻസി അലോഷ്യസ്. തന്റെ പരാതി സിനിമയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണമെന്നായിരുന്നു വിൻസിയുടെ ആവശ്യം. നിയമ നടപടികളിലേക്ക് പോകുന്നില്ലെന്നും, മൊഴിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നും വിൻസി പറഞ്ഞു. പരാതി ചോർന്നത് എങ്ങനെ എന്നതിൽ വ്യക്തത ഇല്ലെന്നും വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.


ഷൈനും വിൻസിയും ഒറ്റയ്ക്കും ഒരുമിച്ചിരുന്നുമാണ് ഇന്റെർണൽ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയത്. ഇന്റെർണൽ കമ്മിറ്റി, ഫിലിം ചേമ്പർ നടപടികളിൽ തൃപ്തയാണെന്ന് വിൻസി പറഞ്ഞു. നിയമ നടപടികളിലേക്ക് ഇപ്പോൾ പോകുന്നില്ല. പരാതി ചോർന്നത് വിശ്വാസ വഞ്ചനയാണെന്നും വിൻസി കൂട്ടിച്ചേർത്തു.

സിനിമാ സംഘടനകള്‍ക്ക് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമനടപടിയുമായി മുന്നോട്ടില്ലെങ്കിലും അന്വേഷണത്തില്‍ സഹകരിക്കുമെന്നും വിന്‍സി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.


"വരാനിരിക്കുന്ന അന്വേഷണങ്ങളില്‍ ഞാന്‍ സഹകരിക്കും. പക്ഷെ നിയമനടപടിയുമായി മുന്നോട്ട് പോകില്ല. സിനിമയില്‍ തന്നെ അതിന് വേണ്ട നടപടികള്‍ എടുക്കുമെന്നാണ് വിശ്വസിക്കുന്നത്. സിനിമയില്‍ ഇനി ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നതാണ് എന്നെ സംബന്ധിച്ച ആവശ്യം. ഇന്ന് സൂത്രവാക്യം സിനിമയുടെ ഐസിസി യോഗം കൂടുന്നുണ്ട്. അതില്‍ ഞാന്‍ പങ്കെടുക്കും. പരാതിയുടെ സത്യാവസ്ഥ അവര്‍ പരിശോധിക്കും. അതിന് ശേഷം സിനിമയ്ക്കുള്ളില്‍ അവര്‍ നടപടി സ്വീകരിക്കും. സിനിമയ്ക്ക് പുറത്ത് എന്തെങ്കിലും സംഭവിക്കുകയാണെങ്കിലാണ് നിയമനടപടികള്‍ സ്വീകരിക്കേണ്ടത്. എനിക്ക് സിനിമയിലാണ് മാറ്റം വരേണ്ടത്. ഞാന്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകില്ലെന്നേ ഉള്ളൂ. സിനിമ സംഘടനകള്‍ക്ക് കൊടുത്ത പരാതി ഞാന്‍ പിന്‍വലിക്കില്ല,"-വിന്‍സി പറഞ്ഞു.

അതേസമയം സിനിമയുടെ പ്രമോഷനുമായി വിന്‍സിയും ഷൈനും സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് സൂത്യവാക്യത്തിന്റെ നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗുല രംഗത്തെത്തി. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നും നിര്‍മാതാവ് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com