പാരിസ്ഥിതിക പ്രത്യാഘാതങ്ങളും അഴിമതിയാരോപണങ്ങളും; ശ്രീലങ്കൻ ഊർജ പദ്ധതിയിൽ നിന്ന് അദാനി പിൻമാറി

പാരിസ്ഥിതിക പ്രശ്നങ്ങടക്കം ഉന്നയിച്ച് ജനം പ്രതിഷേധിച്ചതോടെ പദ്ധതി ഇഴഞ്ഞു നീങ്ങാൻ തുടങ്ങി
പാരിസ്ഥിതിക പ്രത്യാഘാതങ്ങളും അഴിമതിയാരോപണങ്ങളും; ശ്രീലങ്കൻ ഊർജ പദ്ധതിയിൽ നിന്ന് അദാനി പിൻമാറി
Published on

വടക്കൻ ശ്രീലങ്കയിലെ പുനരുപയോഗ ഊർജ പദ്ധതിയിൽ നിന്ന് അദാനി ​ഗ്രീൻ പിൻമാറി. പാരിസ്ഥിതിക പ്രത്യാഘാതങ്ങളും അഴിമതി ആരോപണങ്ങളും ഉയർന്നു വന്നതിനെ തുടർന്ന് പദ്ധതിക്കെതിരെ എതിർപ്പ് ശക്തമായിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടുവർഷമായി ചർച്ചയിലായിരുന്ന പ​ദ്ധതി ഉപേക്ഷിക്കുന്നെന്ന് അ​ദാനി ​ഗ്രൂപ്പ് ശ്രീലങ്കൻ സർക്കാരിന് കത്ത് അയച്ചത്.

വടക്കൻ ശ്രീലങ്കൻ പട്ടണങ്ങളായ മന്നാറിലും പൂനകരിയിലും 484 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ കാറ്റാടിപ്പാടം സ്ഥാപിക്കുന്നതിന് ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് ​ഗോതബയ രാജപക്സെയുടെ നേതൃത്വത്തിലുള്ള സ‍ർക്കാരാണ് 2022ൽ അദാനിക്ക് അനുമതി നൽകിയത്. പിന്നാലെ പദ്ധതിക്കെതിരെ തദ്ദേശീയർ രം​ഗത്തെത്തി. പാരിസ്ഥിതിക പ്രശ്നങ്ങടക്കം ഉന്നയിച്ച് ജനം പ്രതിഷേധിച്ചതോടെ പദ്ധതി ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.

പാരിസ്ഥിതിക ആഘാത പ്രശ്നങ്ങളെ തുടർന്ന് നിയമപ്രശ്നങ്ങളും പദ്ധതിക്ക് നേരിടേണ്ടി വന്നു. ഏകപക്ഷീയമായാണ് ഗോതബയ രാജപക്സെ സ‍ർക്കാർ, അദാനി ​ഗ്രൂപ്പിന് പദ്ധതിക്ക് അനുമതി നൽകിയതെന്ന് പ്രതിപക്ഷ ആരോപണവും ഉയർന്നു.നിലവിലെ പ്രസിഡൻ്റ് അനുര കുമാര ദിസ്സനായക സർക്കാരും പദ്ധതിയെ എതി‍ർത്തിരുന്നു. രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദിസ്സനായക പറ‍ഞ്ഞിരുന്നു.

അധികാരത്തിലെത്തിയതിന് പിന്നാലെ അദാനി ​ഗ്രൂപ്പിൻ്റെ പദ്ധതിയെ കുറിച്ച് പഠിക്കാൻ ദിസ്സനായക കമ്മിറ്റി രൂപീകരിച്ചു. ഇതോടെയാണ് വടക്കൻ ശ്രീലങ്കയിൽ വലിയ വിവാദങ്ങൾക്ക് വഴിമരുന്നായ ഊർജ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് സർക്കാരിന് അദാനി കത്തയച്ചത്. സിലോൺ വൈദ്യുതി ബോർഡുമായി രണ്ട് വർഷത്തിലേറെയായി ചർച്ച ചെയ്തിരുന്ന, ഒരു ബില്യൺ ഡോളർ നിക്ഷേപമുള്ള പദ്ധതി ഉപേക്ഷിക്കുകയാണെന്നും കത്തിൽ അറിയിച്ചു.

ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമായ കൊളംബോയിൽ 700 മില്യൺ ഡോളറിൻ്റെ ടെർമിനൽ പദ്ധതി നിർമിക്കുന്നതിലും അദാനി ഗ്രൂപ്പ് പങ്കാളിയാണ്. ഈ നിർമാണ പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. "എന്നിരുന്നാലും, ശ്രീലങ്കയോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ശ്രീലങ്കൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ഭാവി സഹകരണത്തിന് ഞങ്ങൾ തയ്യാറാണ്," അദാനി ഗ്രൂപ്പിൻ്റെ വക്താവ് പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com