"യുഎസ് കുറ്റപത്രത്തിൽ അദാനിക്കും, അനന്തവനുമെതിരെ കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ല"; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

അദാനി ഗ്രീൻ എന്ന കമ്പനിയെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു
"യുഎസ് കുറ്റപത്രത്തിൽ അദാനിക്കും, അനന്തവനുമെതിരെ കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ല"; വിശദീകരണവുമായി അദാനി ഗ്രൂപ്പ്
Published on

യുഎസിൽ കൈക്കൂലി കേസ് ചുമത്തപ്പെട്ട ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, സീനിയർ എക്‌സിക്യൂട്ടീവ് വിനീത് ജെയിൻ എന്നിവർ കുറ്റക്കാരല്ലെന്ന് അദാനി ഗ്രൂപ്പ്. യുഎസ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയെന്നാണ് അദാനി ഗ്രൂപ്പ് പുറത്തുവിടുന്ന റിപ്പോർട്ട്. അദാനി ഗ്രീൻ എന്ന കമ്പനിയെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കെതിരെ ഫോറിൻ കറപ്ഷൻ പ്രാക്ടീസ് ആക്ട് (എഫ്‌സിപിഎ) പ്രകാരം, അമേരിക്കൻ നീതിന്യായ വകുപ്പിൻ്റെ കുറ്റപത്രത്തിലോ, എസ്ഇസിയുടെ സിവിൽ പരാതിയിലോ കുറ്റം ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. നീതിന്യായ വകുപ്പിൻ്റെ കുറ്റപത്രത്തിൽ അദാനി ഗ്രൂപ്പിനെതിരെ അഞ്ച് കുറ്റങ്ങൾ ഉൾപ്പെടുന്നുണ്ട്. ഈ കുറ്റങ്ങളിൽ എഫ്‌സിപിഎ ലംഘിക്കാനുള്ള ഗൂഢാലോചന, നീതിയെ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന എന്നിവയിൽ ഗ്രൂപ്പ് ഡയറക്ടർമാരായ ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയിൻ എന്നിവരുടെ പേര് പരാമർശിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു.


അദാനി ഗ്രൂപ്പിൻ്റെ ഡയറക്ടർമാർ അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരിട്ടുവെന്ന അന്താരാഷ്ട്ര, ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് തെറ്റാണ്. ഇതുവഴി യുഎസ് കുറ്റപത്രത്തെ കുറിച്ച് മാധ്യമങ്ങൾ തെറ്റായ ധാരണയുണ്ടാക്കിയെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു. കൈക്കൂലിയുമായി ബന്ധപ്പെട്ട ചർച്ച നടന്നോ, കൈക്കൂലി വാഗ്‌ദാനം ചെയ്‌തോ എന്നീ വിഷയങ്ങൾ മാത്രമാണ് യുഎസ് കുറ്റപത്രത്തിലുള്ളത്. ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ അദാനി ഡയറക്ടർമാരിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നും നൽകിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.

ആരാണ് കൈക്കൂലി വാങ്ങിയത് എന്നതിനെക്കുറിച്ച് കുറ്റപത്രത്തിൽ വിശദാംശങ്ങളില്ലെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി നേരത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. കൈക്കൂലി കേസ് പുറത്തുവന്നതിന് പിന്നാലെ ഏകദേശം 55 ബില്യൺ ഡോളറിൻ്റെ വിപണി മൂലധന നഷ്ടം ഉണ്ടായതായാണ് അദാനി ഗ്രൂപ്പ് പറയുന്നത്. 

സൗരോർജ പദ്ധതികളുമായി ബന്ധപ്പെട്ട് കരാർ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നായിരുന്നു അദാനിക്കെതിരെയുള്ള കേസ്. യുഎസിലെ നിക്ഷേപകരിൽ നിന്ന് അഴിമതി മറച്ചുവെച്ചെന്നും കുറ്റപത്രത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. ഗൗതം അദാനിക്കെതിരെ അഴിമതിക്കും വഞ്ചനയ്ക്കുമാണ് ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയിത്.

ALSO READ: "അദാനിയെ സംരക്ഷിക്കുന്നത് മോദി"; അറസ്റ്റ് വാറൻ്റിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

20 വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ അദാനിയും അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേർ ശ്രമിച്ചതായി യുഎസ് പ്രോസിക്യൂട്ടർമാർ പറയുന്നു. ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നും കേസുണ്ടായിരുന്നു. ഗൗതം അദാനിക്കൊപ്പം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനി, വിനീത് ജെയ്‌ൻ എന്നിവർക്കെതിരെയായിരുന്നു കേസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com