പൊലീസിൽ പല മാറ്റങ്ങൾക്കും കാരണക്കാരനായി, ഇനി അത് പറയാന്‍ അവസരം ഉണ്ടാകുമോ എന്നറിയില്ല: എഡിജിപി അജിത് കുമാർ

'സിവിൽ പൊലീസ്' എന്ന പേര് കൊണ്ടു വന്നത് താനാണ്. സർവീസിൽ കയറിയത് മുതൽ കേരള പൊലീസിൽ പല മാറ്റങ്ങൾക്കും കാരണക്കാരനായിട്ടുണ്ട്
പൊലീസിൽ പല മാറ്റങ്ങൾക്കും കാരണക്കാരനായി, ഇനി അത് പറയാന്‍ അവസരം ഉണ്ടാകുമോ എന്നറിയില്ല: എഡിജിപി അജിത് കുമാർ
Published on

പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളാതെ എഡിജിപി അജിത് കുമാർ. സർക്കാർ തലത്തിൽ അന്വേഷണം നടക്കട്ടെ, പൊലീസുകാരൻ്റെ പണി എന്താണോ അത് ചെയ്യുന്നുണ്ടെന്ന് എഡിജിപി അജിത് കുമാർ വ്യക്തമാക്കി.

സിപിഒ ആയാണ് താന്‍ പൊലീസ് ജീവിതം തുടങ്ങിയത്. കഴിഞ്ഞ 29 വർഷമായി പൊലീസ് സർവീസിൽ പ്രവർത്തിക്കുന്നു. നമ്മുടെ ജീവൻ കൊടുത്തും ജനങ്ങളെ സംരക്ഷിക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്തം. 'സിവിൽ പൊലീസ്' എന്ന പേര് കൊണ്ടു വന്നത് താനാണ്. സർവീസിൽ കയറിയത് മുതൽ കേരള പൊലീസിൽ പല മാറ്റങ്ങൾക്കും കാരണക്കാരനായിട്ടുണ്ട്. അതിൽ അഭിമാനിക്കുന്നു. ഇനി ഇത് പറയാൻ മറ്റൊരു അവസരം ലഭിക്കുമോ എന്നറിയെല്ലെന്നു പറഞ്ഞാണ് സ്വന്തം നേട്ടങ്ങളൊരോന്നായി എണ്ണിപ്പറഞ്ഞത്.

കേരളത്തിലെ ജനങ്ങൾ പൊലീസിനെ വിശ്വസിക്കുന്നുണ്ടെന്നും ആ വിശ്വാസം സംരക്ഷിക്കാൻ നിങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.  ജനങ്ങൾക്കും സർക്കാരിനും വേണ്ടി പ്രവർത്തിക്കാൻ ഇനിയും സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്തെ പൊലീസ് അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

അതേസമയം പി.വി. അൻവറിൻ്റെ ആരോപണങ്ങളിൽ എഡിജിപിക്കെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഉയർന്നു വരുന്ന ആരോപണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കട്ടേയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിയില്‍ എഡിജിപിയെ വേദിയില്‍ ഇരുത്തിയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

എഡിജിപിക്കെതിരെ ഇന്നും ഗുരുതര ആരോപണങ്ങളാണ് പി.വി അൻവർ എംഎൽഎ ഉയർത്തിയത്. സോളാർ അട്ടിമറി കേസ്, എടവണ്ണ കൊലപാതകം, സ്വർണക്കടത്ത് തുടങ്ങിയവയിൽ എഡിജിപി ബന്ധപ്പെട്ടു എന്നാണ് വെളിപ്പെടുത്തൽ. എടവണ്ണ കേസിലെ പ്രതി നിരപരാധിയാണെന്നും ക്രൂരമായി മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

അജിത് കുമാറിന് കവടിയാർ കൊട്ടാരത്തിനു സമീപം വീട് നിർമാണം നടത്തുന്നുണ്ട്. ഇതിനായി കോർപ്പറേഷനിൽ അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കവടിയാർ കൊട്ടാരത്തിനു സമീപത്ത് സ്ഥലവില സെൻ്റിന് 70 ലക്ഷം രൂപയുണ്ടെന്നും പി.വി. അൻവർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com