എം.ആര്‍. അജിത് കുമാര്‍ ഡിജിപി റാങ്കിലേക്ക്; സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ അനുമതി

തൃശൂർ പൂരം കലക്കിയതടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത് കുമാർ
എം.ആര്‍. അജിത് കുമാര്‍ ഡിജിപി റാങ്കിലേക്ക്; സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ അനുമതി
Published on

എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. നടപടിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭ അംഗീകരിച്ചത്. സുരേഷ് രാജ് പുരോഹിതും ഡിജിപി ആകും. 2025 മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തോടെയാകും അജിത് കുമാർ ഡിജിപിയായി ചുമതലയേൽക്കുക. തൃശൂർ പൂരം കലക്കിയതടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത് കുമാർ.


നേരത്തെ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ, സർക്കാർ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കിയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥാനക്കയറ്റം നൽകുന്ന നടപടിയാണുണ്ടായിരിക്കുന്നത്. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടിങ്ങിയ ഐപിഎസ് സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് ശുപാർശ നൽകിയത്.

തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അജിത് കുമാർ. എന്നാൽ അന്വേഷണം സ്ഥാനക്കയറ്റത്തിന് തടസ്സമാകില്ലെന്നാണ് സ്ക്രീനിങ് കമ്മിറ്റിയുടെ നിലപാട്. മാധ്യമസ്ഥാപനമായ മറുനാടൻ മലയാളി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്തെന്ന ആരോപണം, സ്വർണകടത്തുമായി ബന്ധപ്പെട്ട പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ, കവടിയാറിലെ വസതിയുമായി ബന്ധപ്പെട്ട വിഷയം, മലപ്പുറം മരംമുറി വിവാദം, മലപ്പുറം എസ്‌പി സുജിത് ദാസുമായി ചേർന്ന് നടത്തിയ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെ അഞ്ച് വിഷയങ്ങളിൽ അജിത് കുമാറിനെതിരെ പ്രത്യേക സംഘത്തിൻ്റെ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ നിലവിൽ അജിത് കുമാറിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.

അതേസമയം സ്ഥാനക്കയറ്റം നൽകിയ വിഷയത്തിൽ സർക്കാരിന് തെറ്റ് പറ്റാനിടയുണ്ടെന്ന തരത്തിൽ സൂചനകൾ നൽകികൊണ്ടായിരുന്നു വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ പ്രസ്താവന. കമ്മിറ്റി മാനദണ്ഡങ്ങൾ അനുസരിച്ചാണ് അജിത് കുമാറിന് സ്ഥാനകയറ്റം നൽകിയതെന്ന് പി.രാജീവ് പറയുന്നു. മാനദണ്ഡം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. അതിൽ പ്രത്യേക വിവേചനമോ താൽപര്യമോ കാണിക്കില്ല. കേന്ദ്ര സർവീസിലെ മാനദണ്ഡം അനുസരിച്ചാണ് എല്ലാം ചെയ്യുന്നത്. വിവാദങ്ങളിൽ ഉള്ളവർ ഉൾപ്പെടരുതെന്ന് മാനദണ്ഡമുണ്ടെങ്കിൽ സർക്കാർ നീക്കം തെറ്റാവാനിടയുണ്ടെന്നും മന്ത്രി പറഞ്ഞു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com