
ചൂരൽമല-മുണ്ടക്കൈ-പുഞ്ചിരി മട്ടം മേഖലകളിൽ പരിശോധനകൾ ഏതാണ്ട് പൂർത്തിയായെന്ന് എഡിജിപി എം.ആ.ർ അജിത് കുമാർ. ഇപ്പോൾ നടക്കുന്നത് സംശയമുള്ള ഭാഗങ്ങളിലെ പരിശോധനകൾ മാത്രമാണ്. മലകളിലും പുഴയോരങ്ങളിലുമാണ് ഇപ്പോൾ കാര്യമായി തെരച്ചിൽ നടക്കുന്നത്. തെരച്ചിൽ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും എഡിജിപി പറഞ്ഞു.
അതേസമയം, ചാലിയാർ പുഴ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു മൃതദേഹ ഭാഗം കൂടി കണ്ടെത്തി. മുണ്ടേരി ഫാമിന് സമീപം ചാലിയാർ തീരത്ത് ഇരുട്ടുകുത്തിയിൽ നിന്നാണ് മൃതദേഹഭാഗം കണ്ടെത്തിയത്. ആദിവാസികൾ പറഞ്ഞ മേഖലയിൽ ഫയർഫോഴ്സ് ഉൾപ്പെടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹഭാഗം കണ്ടെത്തിയത്.
മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തെരച്ചിൽ തുടരുകയാണ്. ഇതുവരെ കണ്ടെടുത്ത തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടേയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാകുമെന്നും അധികൃർ അറിയിച്ചു.