നവീൻ ബാബുവിൻ്റെ മരണം അന്വേഷിക്കാൻ സിബിഐ വരില്ല; കുടുംബത്തിൻ്റെ ഹർജി തള്ളി ഹൈക്കോടതി; അപ്പീൽ നൽകുമെന്ന് ഭാര്യ

കേസിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം പൂർണവും തൃപ്തികരവുമാണെന്ന് കോടതി വ്യക്തമാക്കി
നവീൻ ബാബുവിൻ്റെ മരണം അന്വേഷിക്കാൻ സിബിഐ വരില്ല; കുടുംബത്തിൻ്റെ ഹർജി തള്ളി ഹൈക്കോടതി; അപ്പീൽ നൽകുമെന്ന് ഭാര്യ
Published on

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. കുടുംബത്തിന്റെ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തുടരും. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസിയുടെ നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷയാണ് ഹർജി നൽകിയത്. സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു.


ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നരഹത്യയടക്കം സംശയിക്കുന്നതിനാൽ സിബിഐ അന്വേഷണം വേണമെന്നാണു ഹർജിക്കാരിയുടെ ആവശ്യം. കോടതി നിർദേശിച്ചാൽ ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചിരുന്നു. കേസിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം പൂർണവും തൃപ്തികരവുമാണെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം അപൂർണമെങ്കിൽ മാത്രമെ കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ട ആവശ്യമുള്ളൂവെന്നും കോടതി പറയുന്നു. 

ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ പ്രത്യേക അന്വേഷണസംഘം പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു.  പ്രത്യേക സംഘം ശരിയായ രീതിയലും ക്യത്യമായും അന്വേഷണം നടത്തണം. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണം മേൽനോട്ടം വഹിക്കണം. ആഴ്ച തോറും അന്വേഷണ പുരോഗതി റിപോർട്ട് ഡിഐജിക്ക് കൈമാറണം. അന്വേഷണത്തിൻ്റെ പുരോഗതി ഭാര്യ മഞ്ജുഷയെ അറിയിക്കണം.  മൃതദേഹം കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നും പരിശോധിക്കണം. അന്വേഷണത്തിന് ശേഷം ഡ്രാഫ്റ്റ് ഫൈനൽ റിപ്പാർട്ട് ഡിഐജിക്ക് മുന്നിൽ സമർപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്. 

എന്നാൽ അപ്പീലുമായി മുന്നോട്ടുപോകുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ അറിയിച്ചു. പൊലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്നും സംശയങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നെന്നും ഭാര്യ പറഞ്ഞു. നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബുവും കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തി. ഡിഐജി യുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിലും തൃപ്തിയില്ലെന്നും പ്രവീൺ ബാബു പറയുന്നു.

ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാൻ ആവില്ലെന്നും, അന്വേഷണത്തിൽ തൃപ്തിയില്ലെന്നുമാണ് കുടുംബം പറയുന്നത്. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com