എഡിഎമ്മിന്‍റെ മരണം: 'റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടതാണ്'; റവന്യൂ വകുപ്പിൽ സംഭവിച്ച കാര്യങ്ങളാണ് അന്വേഷിച്ചതെന്ന് കെ. രാജന്‍

പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ നവീൻ ബാബു കാലതാമസം വരുത്തിയതിന് തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോ. കമ്മീഷണർ എ. ​ഗീത ഐഎഎസിന്റെ റിപ്പോർട്ട്
എഡിഎമ്മിന്‍റെ മരണം: 'റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടതാണ്'; റവന്യൂ വകുപ്പിൽ സംഭവിച്ച കാര്യങ്ങളാണ് അന്വേഷിച്ചതെന്ന് കെ. രാജന്‍
Published on

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് നേരത്തെ വന്നതാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. റവന്യൂ ഉദ്യോഗസ്ഥനെതിരെ പരാതി വന്നപ്പോൾ അന്വേഷണം നടത്തിയതാണ്. എന്താണ് സംഭവിച്ചത് എന്ന അന്വേഷണം ആണ് നടന്നതെന്നും നവീൻ ബാബു അഴിമതി നടത്തിയിട്ടില്ലെന്ന റിപ്പോർട്ട് സമർപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.


റവന്യൂ വകുപ്പിൽ സംഭവിച്ച കാര്യങ്ങളാണ് അന്വേഷിച്ചതെന്ന് മന്ത്രി അറിയിച്ചു. പൊലീസിന്റെ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരണം നടത്തുന്നില്ല. റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടതാണെന്ന് കെ. രാജൻ പറഞ്ഞു. ഗൂഢാലോചന തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നത് പൊലീസാണ്. ആർക്കാണ് വീഴ്ച എന്ന് അന്വേഷിക്കാൻ ഏജൻസി ഉണ്ടെന്നും അത് റവന്യൂ വകുപ്പല്ല അന്വേഷിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റവന്യൂ അന്വേഷണ റിപ്പോർട്ട്‌ ആവശ്യം എങ്കിൽ പൊലീസിന് ഉപയോഗിക്കാം. നവീൻ ബാബുവിന്റെ കുടുംബം നടത്തിയ അഭിപ്രായത്തിൽ മറുപടി പറയുന്നില്ല. ക്ഷണിക്കാതെ ഒരാൾ വന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കേണ്ടത് റവന്യു വകുപ്പ് അല്ലെന്നും കെ. രാജൻ വ്യക്തമാക്കി.

പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ നവീൻ ബാബു കാലതാമസം വരുത്തി എന്നതിന് തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോ. കമ്മീഷണർ എ. ​ഗീത ഐഎഎസിന്റെ റിപ്പോർട്ടിൽ പറയുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിക്കാൻ ആവശ്യപ്പെട്ടത് ദിവ്യയാണെന്ന് മൊഴി ലഭിച്ചതായാണ് റിപ്പോർട്ട്. ചടങ്ങിനു മുൻപ് ദിവ്യ നേരിട്ട് വിളിച്ചിരുന്നു എന്ന് കളക്ടറും മൊഴി നൽകിയതായി പറയുന്നു. എഡിഎമ്മിൻ്റെ മരണത്തിൽ റവന്യൂ വകുപ്പാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ആറ് വിഷയങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. എൻഒസി നൽകുന്നതുമായ ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും, കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരായ ആരോപണങ്ങളും, ദിവ്യ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനുമാണ് റവന്യൂ കമ്മീഷണർക്ക് നൽകിയ നിർദേശം.

വയനാട് പുനരധിവാസം മാർച്ച് മാസം തന്നെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വയനാട്- മുണ്ടക്കൈ ചൂരൽമല പുനരധിവാസ പട്ടികയിൽ അപാകതയുണ്ടെന്ന് ആരോപണവുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ. ജെ. ബാബു രം​ഗത്തെത്തിയിരുന്നു. പട്ടിക തയ്യാറാക്കിയത് ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ്. അവർ ദുരന്തബാധിതരുടെ ആക്ഷേപങ്ങൾ കേൾക്കണമെന്നായിരുന്നു ആവശ്യം. വീട് നൽകുന്നതിന് പ്രത്യേക മാനദണ്ഡം പറഞ്ഞിട്ടില്ല. എന്നിട്ടും നിരവധി പേരെ ഒഴിവാക്കിയാണ് ദുരന്ത നിവാരണ അതോറിറ്റി ലിസ്റ്റ് പുറത്തിറക്കിയതെന്നും ഇ. ജെ. ബാബു ആരോപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com