
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റേത് കൊലപാതകം അല്ല, ആത്മഹത്യ തന്നെയെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രതി പിപി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
നവീൻ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് പിപി ദിവ്യ യോഗത്തിന് എത്തിയത്. അന്വേഷണത്തിൽ പുരോഗതിയില്ലെന്ന നവീൻ്റെ ഭാര്യയുടെ വാദം അവാസ്തവമാണന്നും സത്യവാങ്മൂലത്തിലുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം. കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ ആത്മഹത്യയാണ് എന്നാണ് അറിയിച്ചത്. തൂങ്ങിമരണമാണ് എന്നും ശരീരത്തിൽ മറ്റ് മുറിപ്പാടുകൾ ഇല്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ ഉണ്ട്. കൊലപാതകമാണ് എന്നതിന്റെ യാതൊരു സൂചനയും ഫോറൻസിക് സംഘം നൽകിയിട്ടില്ല, യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ കണ്ടയാളുകളെ നേരിൽ കണ്ട് മൊഴിയെടുത്തെന്നും പൊലീസ് വ്യക്തമാക്കി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലഭിക്കാവുന്ന എല്ലാ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെയും ജില്ലാ കളക്ടറുടെയും പ്രശാന്തന്റെയും സിഡിആർ പരിശോധിച്ചു. ഇൻക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന വാദവും പൊലീസ് തള്ളി. നിയമപ്രകാരം അത് നിർബന്ധമല്ല, പിന്നീട് രേഖപ്പെടുത്തിയാൽ മതിയാവും, ലഭിച്ച സാക്ഷിമൊഴികളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിൽ കൊലപാതകത്തിന്റെ യാതൊരു സൂചനയും നിലവിൽ ഇല്ലെന്ന് പോലീസ് വിശദീകരിച്ചു. തങ്ങൾക്കാരെയും സംരക്ഷിക്കാൻ ഇല്ലെന്നും ഹർജിക്കാരിയുടെ ഇത്തരത്തിലുള്ള വാദം ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.