പി.പി. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു
പി.പി. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
Published on



അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. പി.പി. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കൂടാതെ തഹസിൽദാരുടെ ചുമതലയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല. കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റണമെന്നും അപേക്ഷയിൽ മഞ്ജുഷ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസമാണ് നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ജയിൽ മോചിതയായത്. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നായിരുന്നു ദിവ്യയുടെ ആദ്യ പ്രതികരണം. പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് പതിനൊന്നാം ദിവസമാണ് ദിവ്യ മോചിതയായത്. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്. വൈകുന്നേരം നാല് ഇരുപതോടെ ജയിലിലെത്തിയ അഭിഭാഷകൻ ഉത്തരവിന്റെ പകർപ്പ് കൈമാറി. നടപടിക്രമങ്ങൾക്ക് ശേഷമാണ് ദിവ്യ പുറത്തേക്കെത്തിയത്.

കണ്ണൂർ ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളിലും രണ്ട് ആൾ ജാമ്യത്തിലുമാണ് ഉത്തരവ്. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത് എന്നും കോടതി നിർദേശിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായെന്ന് വിലയിരുത്തിയാണ് കോടതി ദിവ്യക്ക് ജാമ്യം നൽകിയത്.

"മാധ്യമപ്രവർത്തകരായാലും നാട്ടുകാരായാലും പൊതുപ്രവർത്തന രംഗത്ത് കാണാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ 14 വർഷമായി ഒരുപാട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായും, വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപാടുള്ളവരുമായി പോലും സഹകരിച്ച് വന്ന ആളാണ്. ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു. നവീൻ ബാബുവിൻ്റെ കുടുംബത്തെ പോലെ വിഷയത്തിലെ സത്യം പുറത്തുവരണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്," മാധ്യമങ്ങളോട് സംസാരിക്കവെ പി.പി. ദിവ്യ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com