എഡിഎമ്മിന്‍റെ മരണം: 'ഗൂഢാലോചനയുണ്ടെന്ന് നേരത്തെ പറഞ്ഞതാണ്'; റിപ്പോർട്ട് പൊലീസ് അന്വേഷണത്തിൻ്റെ ഭാഗമാക്കണമെന്ന് പ്രതിപക്ഷ നേതാവ്

സിപിഐഎമ്മിന്റേതു നയരേഖയല്ല അവസരവാദ രേഖയാണെന്നും വി.ഡി. സതീശൻ പറ‍ഞ്ഞു
വി.ഡി. സതീശൻ
വി.ഡി. സതീശൻ
Published on

എഡിഎം നവീൻ ബാബുവിന്റെ മരണം വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗൂഢാലോചന ഉണ്ടെന്നു താൻ നേരത്തെ പറഞ്ഞതാണ്. ഒന്നിലധികം ആളുകൾക്ക് മരണത്തിൽ പങ്കുണ്ടെന്നും അധിക്ഷേപിച്ച് ജീവനൊടുക്കുന്നതിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.


പ്രശാന്തന്റേതു അല്ല പമ്പെന്നും ഇത് അന്വേഷിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. ആരുടെ ബിനാമി പണമാണ് എന്ന് കൂടി വ്യക്തമാകണം.  വിട്ടുവീഴ്ച ഇല്ലാതെ നടപടി എടുക്കണം. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പൊലീസ് അന്വേഷണത്തിൻ്റെ ഭാഗമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും പിന്നീട് അതിൽ വിജിലൻസിന് പരാതി നൽകിയെന്നുമായിരുന്നു പ്രശാന്തന്റെ അവകാശവാദം. ശ്രീകണ്ഠപുരം നിടുവാലൂർ സ്വദേശി ടി.വി. പ്രശാന്തൻ തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിലെ ചേരന്മൂല എന്ന സ്ഥലത്ത് പെട്രോൾ പമ്പ് നിർമാണത്തിനാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. ബിപിസിഎൽ ഔട്ട്‌ലെറ്റ് തുടങ്ങാനായിരുന്നു അപേക്ഷ. കൊടുംവളവുള്ള സ്ഥലമായതിനാൽ ആ സ്ഥലത്ത് പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് തടസങ്ങൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്ന് അപേക്ഷ മാറ്റിവെക്കുകയും ചെയ്തു. എന്നാൽ പമ്പിന് അനുമതി ലഭിച്ചു. ഇത് കൈക്കൂലി നൽകിയിട്ടെന്നായിരുന്നു പ്രശാന്തന്റെയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെയും അവകാശവാദം. എഡിമ്മിന്റെ യാത്രയയപ്പ് യോ​ഗത്തിൽ എത്തിയ ദിവ്യ ഇത് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നവീൻ ബാബു ജീവനൊടുക്കിയത്.

നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമായിട്ടാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ നവീൻ ബാബു കാലതാമസം വരുത്തി എന്നതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോ. കമ്മീഷണർ എ. ​ഗീത ഐഎഎസിന്റെ റിപ്പോർട്ടിൽ പറയുന്നു.


സിപിഐഎമ്മിന്റേതു നയരേഖയല്ല അവസരവാദ രേഖയാണെന്നും വി.ഡി. സതീശൻ പറ‍ഞ്ഞു. സംസ്ഥാനം സാമ്പത്തികമായി തരിപ്പണമാക്കി. വിൽപ്പനയാണ് നയ രേഖയുടെ ലക്ഷ്യം. മൂന്നാം എൽഡിഎഫ് സർക്കാർ എന്ന പ്രചരണം ആർക്കും ആഗ്രഹിക്കാമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 'നവകേരളത്തിലേക്കുള്ള പുതുവഴികൾ' എന്ന നയരേഖ അവതരിപ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com