
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ന്യായമായ അന്വേഷണം വേണമെന്നാണ് കുടുംബം പറഞ്ഞതെന്നും, അന്വേഷണം അങ്ങനെ തന്നെ നടക്കുമെന്നും മന്ത്രി കെ. എൻ. ബാലഗോപാൽ. കുടുംബത്തോടൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ടെന്നും, കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും കെ. എൻ. ബാലഗോപാൽ അറിയിച്ചു.
എഡിഎം നവീൻ ബാബുവിൻ്റെ പത്തനംതിട്ടയിലെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സന്ദർശിച്ചിരുന്നു. കണ്ണൂരിലായാലും പത്തനംതിട്ടയിലായാലും പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണെന്നും അന്വേഷണങ്ങളെ സിപിഎം പിന്തുണക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. രാവിലെ 11.30ഓടെ നവീൻ്റെ പത്തനംതിട്ടയിലെ വീട്ടിലെത്തിയ ഗോവിന്ദനൊപ്പം സിപിഎം നേതാക്കളും ഉണ്ടായിരുന്നു.
അതേസമയം, വിവാദ പെട്രോൾ പമ്പ് അനുമതിക്കായി സിപിഐയും ഇടപെട്ടെന്ന് വെളിപ്പെടുത്തലുമായി ജില്ലാ സെക്രട്ടറി രംഗത്തെത്തി. പ്രശാന്തന്റെ ആവശ്യപ്രകാരം വിഷയം എഡിഎം നവീൻ ബാബുവിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നെന്ന് ജില്ലാ സെക്രട്ടറി സിപി സന്തോഷ് അറിയിച്ചു. എഡിഎമ്മിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നെന്നും, ഇടപെട്ടത് പ്രശാന്തന്റെ ആവശ്യപ്രകാരമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പ്രശാന്തൻ സഹായം തേടിയത് അഞ്ച് മാസം മുൻപാണെന്നും, എഡിഎം സ്ഥലം സന്ദർശിക്കുന്നില്ല എന്നായിരുന്നു പരാതിയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.