
ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജനെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ എസ്. വിനീതിനെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ഡിഎംഒയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
പുറത്തെ മുഴ നീക്കം ചെയ്യാന്‍ എത്തിയ സ്ത്രീയോട് 12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു വിനീതിനെതിരായ ആരോപണം. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടന അടക്കം പ്രതിഷേധവും ശക്തമാക്കിയിരുന്നു. ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഡിഎംഒ എടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
കഴിഞ്ഞ ദിവസമാണ് കൈക്കൂലി ആരോപണത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിഎംഒയോട് അടിയന്തര റിപ്പോര്‍ട്ട് തേടുകയായിരുന്നു.
പരാതി നല്‍കി 10 ദിവസം ആയിട്ടും സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയില്ലെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ആശുപത്രിയില്‍ സര്‍ജറി ചെയ്യാന്‍ പണം ചോദിച്ചിട്ടില്ലെന്നും, പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടത് എന്നുമാണ് ഡോക്ടറുടെ വിശദീകരണം.